ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലൂടെ കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ്. അഹമ്മദാബാദ് ഉസ്മാൻപുര സ്വദേശി കൗശൽ ഷായാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് വീടുവിട്ട കൗശൽ ഷാ ഇപ്പോൾ ഒളിവിലാണ്. ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കോഴിക്കോട് സൈബർ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചയുടൻ തന്നെ കൗശൽ ഷായുടെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയിരുന്നു. അവിടെ നിന്നാണ് പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ശേഖരിക്കാൻ സാധിച്ചത്. വർഷങ്ങൾക്കു മുൻപ് വീടുവിട്ടിറങ്ങിയ കൗശൽ ഷാ ഇതിനോടകം തന്നെ നിരവധി സാമ്പത്തിക ക്രമക്കേടുകളിൽ പ്രതിയാണ്. കൗശൽ ഷായുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെങ്കിലും, പ്രതിക്കായി പോലീസ് വല വിരിച്ചിട്ടുണ്ട്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വാട്സ്ആപ്പ് കോൾ വഴിയാണ് കോഴിക്കോട് സ്വദേശിയിൽ നിന്നും 40,000 രൂപ തട്ടിയെടുത്തത്. കോഴിക്കോട് പാലാഴി സ്വദേശി പി.എസ് രാധാകൃഷ്ണനാണ് തട്ടിപ്പിനിരയായത്. കൂടെ ജോലി ചെയ്തിരുന്ന ആളാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ഡീപ്പ് ഫെയ്സ് എന്ന ടെക്നോളജി ഉപയോഗിച്ചാണ് ഇരയുടെ സുഹൃത്തിന്റെ രൂപസാദൃശ്യത്തിൽ വീഡിയോ കോൾ ചെയ്തത്.
Comments are closed.