ട്വീറ്റ് ഡെക്ക് അല്ല, ഇനി മുതൽ ‘എക്‌സ് പ്രോ’; സേവനങ്ങൾക്ക് പണം നൽകേണ്ടി വരും

എക്സിന്റെ(ട്വിറ്റർ) സോഷ്യല്‍ മീഡിയാ മാനേജ്‌മെന്റ് ഡാഷ്‌ബോര്‍ഡിൽ പുതിയ നിയന്ത്രണങ്ങളുമായി കമ്പനി. ട്വീറ്റ് ഡെക്ക് എന്നറിയപ്പെട്ടിരുന്ന പ്ലാറ്റ്‌ഫോമിനെ ഇനി ‘എക്‌സ് പ്രോ’ എന്ന് റീബ്രാൻഡ് ചെയ്യുകയും അതിനൊപ്പം പ്ലാറ്റ്ഫോമിന്റെ സേവനങ്ങൾ പെയ്ഡ് ബ്ലൂ ടിക്ക് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ട്വീറ്റ് ഡെക്കിലേക്ക് കടക്കാൻ ശ്രമിക്കുന്ന സബ്‌സ്‌ക്രിപ്‌ഷൻ ഇല്ലാത്ത ഉപയോക്താക്കളെ ഇപ്പോൾ എക്സിന്റെ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ പേജിലേക്ക് റീഡയറക്റ്റ് ചെയ്യുന്നു.

ജൂലൈ മൂന്നിന് ട്വീറ്റ് ഡെക്ക് ഒരു പ്രീമിയം സേവനത്തിലേക്ക് മാറ്റുന്നതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും 30 ദിവസത്തെ ട്രാന്‍സിഷന്‍ കാലയളവ് അനുവദിക്കുകയും ചെയ്തിരുന്നു. എക്‌സ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്ന ഉപയോക്താക്കൾക്ക് ട്വീറ്റ് ഡെക്കിന് പുറമെ നിരവധി അധിക സേവനങ്ങളും കമ്പനി നൽകുന്നുണ്ട്. 1080 പിക്‌സല്‍ ക്വാളിറ്റിയിൽ വീഡിയോ പങ്കുവെക്കാനുള്ള സൗകര്യം, പോസ്റ്റ് റാങ്കിങില്‍ മുന്‍ഗണന, റെവന്യൂ ഷെയറിങ് തുടങ്ങിയവയാണ് ഈ സേവനങ്ങൾ. പ്രതിമാസം 650 രൂപയും ഒരു വര്‍ഷത്തെ സബ്ക്രിപ്ഷന് 6800 രൂപയുമാണ് എക്‌സ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ നിരക്കുകള്‍.

അക്കൗണ്ട് ഷെഡ്യൂളിംഗിനും മാനേജ്മെന്റിനുമായി വ്യാപകമായി ഉപയോഗിക്കുന്ന ഒരു സേവനമാണ് എക്‌സ് പ്രോ. ഫോളോ ചെയ്യുന്ന ആളുകളുടെ പോസ്റ്റുകൾ എളുപ്പത്തിൽ കാണാൻ എക്‌സ് പ്രോ സഹായിക്കുന്നു. എക്സിന്റെ ഈ സേവനം നിരവധി കമ്പനികളാണ് ഉപയോ​ഗിച്ച് വരുന്നത്.

2011ലാണ് തേർഡ് പാർട്ടി അപ്ലിക്കേഷനായ ട്വീറ്റ് ഡെക്ക് ട്വിറ്റർ വാങ്ങുന്നത്. പിന്നീട് മൾട്ടി-അക്കൗണ്ട് ആക്‌സസ്, ഫീഡ് ഓപ്‌ഷനുകൾ എന്നിവ ഉൾപ്പെടെ പുതിയ ഫീച്ചറുകളും കമ്പനി ഇതിലേക്ക് കൂട്ടിച്ചേർത്തിരുന്നു.

Comments are closed.