വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പുകൾ സജീവം; ഈ വാട്സ്ആപ്പ് സന്ദേശത്തിനെതിരെ മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ബറോഡ
ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകൾക്കെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. ബാങ്ക് ഓഫ് ബറോഡയുടെ പേരിൽ വാട്സ്ആപ്പിൽ സജീവമായി പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾക്കെതിരെയാണ് ബാങ്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ ഉപഭോക്താവാണെങ്കിൽ പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുമ്പോൾ 50,000 രൂപ വായ്പ ലഭിക്കുമെന്ന വ്യാജ സന്ദേശമാണ് പ്രചരിക്കുന്നത്. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
അടുത്തിടെ ബാങ്ക് ഓഫ് ബറോഡ ഡിജിറ്റൽ ലോൺ എന്ന ഓപ്ഷൻ അവതരിപ്പിച്ചിട്ടുണ്ടെന്നും, പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നവർക്ക് 50,000 രൂപ വായ്പ ലഭിക്കുമെന്നുമാണ് സന്ദേശം. വായ്പ ലഭിക്കുന്നതിനായി ബാങ്ക് ഓഫ് ബറോഡയിൽ അക്കൗണ്ട് നിർബന്ധമാണ്. ഇത്തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ നിരവധി ആളുകൾ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. യാതൊരു അടിസ്ഥാനവുമില്ലാതെ 50,000 രൂപ ഡിജിറ്റൽ ലോൺ നൽകുന്ന സംവിധാനം ബാങ്ക് ഓഫ് ബറോഡ ആവിഷ്കരിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങൾക്കെതിരെ ഉപഭോക്താക്കൾ ജാഗ്രത പുലർത്തേണ്ടതാണ്.
Comments are closed.