ചന്ദ്രനിൽ ഇനി രണ്ടാഴ്ച നീളുന്ന രാത്രി; ചന്ദ്രയാൻ-3 ഞായറാഴ്ചയോടെ നിദ്രയിലേക്ക്

ശ്രീഹരിക്കോട്ട: ചന്ദ്രനിൽ പകൽ അവസാനിക്കുന്നതോടെ ഇന്ത്യയുടെ ചന്ദ്രയാൻ -3 താത്കാലികമായി പ്രവർത്തന രഹിതമാകും. ഇനി രണ്ടാഴ്ച നീളുന്ന രാത്രിക്കു ശേഷമേ ചന്ദ്രനിൽ പകൽ എത്തുകയുള്ളൂ. രാത്രികാലത്ത് ചന്ദ്രനിൽ കൊടും തണുപ്പാണ്. ഊഷ്മാവ് മൈനസ് 180 ഡിഗ്രീ സെൽഷ്യസ് വരെ താഴും. ആ കാലാവസ്ഥയെ ചന്ദ്രയാൻ -3 അതിജീവിക്കുമോയെന്നതിൽ ഗവേഷകർക്ക് വ്യക്തതയില്ല. ചന്ദ്രനിൽ പകൽ തുടങ്ങി രണ്ട് ദിവസത്തിനു ശേഷമാണ് ചന്ദ്രയാൻ -3 സോഫ്റ്റ് ലാൻഡിങ് നടത്തിയത്.

അതു കൊണ്ടു തന്നെ 12 ദിവസങ്ങളാണ് പേടകത്തിന് പഠനം നടത്താനായത്. നിലവിൽ ലാൻഡറും റോവറും പൂർണമായും പ്രവർത്തനക്ഷമമാണെന്ന് ഇസ്രൊ അധികൃതർ വ്യക്തമാക്കുന്നു. ഇതിനിടെ റോവർ ലാൻഡറിൽ നിന്ന് 100 മീറ്ററോളം സഞ്ചരിച്ചു കഴിഞ്ഞുവെന്നത് ശുഭവാർത്തയാണെന്ന് ഇസ്രൊ ചെയർമാൻ എസ്.സോമനാഥ് പറയുന്നു. രാത്രികാലത്ത് ലാൻഡറിനെയും റോവറിനെയും പതിയെ പ്രവർത്തനരഹിതമാക്കുന്നതിനുള്ള നടപടികൾ രണ്ടു ദിവസത്തിനകം പൂർത്തിയാക്കും. അതു വരെ ലാൻഡറിലെയും റോവറിലെയും പേ ലോഡുകൾ പ്രവർത്തന രഹിതമായിരിക്കുമെങ്കിലും നാസയുടെ സഹായത്തോടെ നിർമിച്ച ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള ലേസർ റിട്രോറിഫ്ലെക്റ്റർ അരേയ് വഴി ലാൻഡർ എവിടെയാണെന്ന് കണ്ടെത്താൻ കഴിയും.

Comments are closed.