ഡർബൻ: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. കുടുംബം വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. കുടലിലും കരളിലും ക്യാൻസർ ബാധിച്ചതിനെത്തുടർന്ന് ദക്ഷിണാഫ്രിക്കയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നെങ്കിലും അത് വ്യാജമായിരുന്നു. മുൻ സിംബാബ്‌വെ ഫാസ്റ്റ് ബൗളർ ഹെൻറി ഒലോംഗയാണ് അന്ന് മരണം സ്ഥിരീകരിക്കുകയും പിന്നീട് വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഭാര്യ നദീൻ സ്ട്രീക്കാണ് വാർത്ത പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്.
‘2023 സെപ്റ്റംബര്‍ മൂന്നിനു പുലര്‍ച്ചെ എന്‍റെ സുന്ദരികളായ മക്കളുടെ അച്ഛനും എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്‌നേഹവുമായ അദ്ദേഹത്തെ സ്വന്തം വീട്ടില്‍ നിന്നു മാലാഖമാര്‍ കൊണ്ടു പോയി. അവസാന നാളുകളില്‍ കുടുംബത്തിനൊപ്പം ചേര്‍ന്നിരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. കുടുംബത്തിനൊപ്പവും ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പവും അദ്ദേഹം സ്‌നേഹത്തിലും സമാധാനത്തിലും കഴിഞ്ഞു. അദ്ദേഹത്തിന്‍റെ ആത്മാവ് നിത്യതയില്‍ വിലയിച്ചു. സ്ട്രീക്കി, നമ്മുടെ ആത്മാക്കള്‍ ഇനിയും ഒരുമിക്കും’- നദീന്‍ കുറിച്ചു.
സിംബാബ്‌വെ ക്യാപ്റ്റൻ കൂടിയായിരുന്ന ഈ ബൗളിങ് ഓൾറൗണ്ടർ 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. സിംബാബ്‌വെയുടെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരൻ എന്ന റെക്കോഡ് ടെസ്റ്റിലും ഏകദിനത്തിലും ഇപ്പോഴും അദ്ദേഹത്തിന്‍റെ പേരിൽ തുടരുന്നു.
ടെസ്റ്റിൽ 216 വിക്കറ്റും ഏകദിനത്തിൽ 239 വിക്കറ്റുമാണ് സ്ട്രീക്കിന്‍റെ സമ്പാദ്യം. രണ്ടു ഫോർമാറ്റിലും നൂറ് വിക്കറ്റ് തികയ്ക്കുന്ന ആദ്യ സിംബാബ്‌വെ ബൗളറാണ്. 100 ടെസ്റ്റ് വിക്കറ്റും 1000 ടെസ്റ്റ് റൺസും തികച്ച ഏക സിംബാബ്‌വെ താരം, ഏകദിന ക്രിക്കറ്റിലും 200 വിക്കറ്റും 2000 റൺസും നേടുന്ന ഏക സിംബാബ്‌വെക്കാരൻ എന്നീ വിശേഷണങ്ങളും സ്വന്തം.
സിംബാബ്‌വെ ആദ്യമായി വിദേശത്ത് ടെസ്റ്റ് പരമ്പര ജയിക്കുന്നത് സ്ട്രീക്കിന്‍റെ ക്യാപ്റ്റൻസിയിലാണ്. 2001ലെ ന്യൂസിലാൻഡ് പര്യടനത്തിനായിരുന്നു ഇത്. എന്നാൽ, അദ്ദേഹം ഉൾപ്പെട്ട മുതിർന്ന താരങ്ങൾ ടീമിലെ ക്വോട്ട സമ്പ്രദായത്തിനെതിരേ അധികൃതരോടു കലഹിച്ചതിനെത്തുടർന്ന് അതേ വർഷം ക്യാപ്റ്റൻസി രാജിവച്ചു.
അടുത്ത വർഷം സ്ഥാനം തിരിച്ചുകിട്ടി. എന്നാൽ, ഹെൻറി ഒലോംഗയും കൂട്ടരും സിംബാബ്‌വെ സർക്കാരിനെതിരേ പടയൊരുക്കം നടത്തിയത് പുതിയ പ്രതിസന്ധിയായി. 2004ൽ സ്ട്രീക്ക് വീണ്ടും ക്യാപ്റ്റൻസി ഒഴിഞ്ഞു. 2005ൽ കരിയറിലെ അവസാന ടെസ്റ്റ് ഇന്ത്യക്കെതിരേ കളിച്ചു.
തുടർന്ന് കൗണ്ടി ക്രിക്കറ്റിൽ കളി തുടർന്ന സ്ട്രീക്കിനെ 2009ൽ സിംബാബ്‌വെ ബൗളിങ് കോച്ചായി നിയമിച്ചു. 2018ൽ ഐപിഎൽ ടീം കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെയും ബൗളിങ് കോച്ചായിരുന്നു.
Comments are closed.