അഴിച്ചുപണി കാത്ത് ബ്രസീലിയൻ ഫുട്ബോൾ

സാവോപോളോ: ആറാം ലോക കിരീടം തേടിയുള്ള പ്രയാണത്തിന് ആറാം വട്ടവും തുടക്കം കുറിക്കുകയാണ് ബ്രസീലിയൻ ഫുട്ബോൾ ടീം. എന്നാൽ, അഞ്ച് കിരീട നേട്ടങ്ങൾക്കും മുൻപ് കളിച്ച യോഗ്യതാ റൗണ്ടുകളിൽ നിന്നു വ്യത്യസ്തമാണ് ഇപ്പോഴത്തെ സാഹചര്യം. ടീമിനിപ്പോൾ ഒരു സ്ഥിരം പരിശീലകനില്ല എന്നതാണ് പ്രധാന പ്രശ്നം. കാർലോ ആൻസലോട്ടിയെ കോച്ചായി നിയമിച്ചിട്ടുണ്ടെങ്കിലും റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിക്കാതെ അദ്ദേഹത്തിന് ബ്രസീൽ ടീമിനൊപ്പം ചേരാനാവില്ല. അതിന് ഈ സീസണിന്‍റെ അവസാനം വരെ കാക്കണം.

ആൻസലോട്ടി എത്തുന്നതു വരെ ഇടക്കാല പരിശീലകനായി നിയമിച്ചിരിക്കുന്നത് ഫെർണാണ്ടോ ഡിനിസിനെയാണ്. ഫ്ളുമിനീസിന്‍റെ കോച്ചായ ഡിനിസ് ഒരുപാട് കിരീടങ്ങളൊന്നും നേടിയിട്ടില്ലെങ്കിലും, ആക്രമണോത്സുക ശൈലിയുള്ള പരിശീലകനാണ്. അദ്ദേഹത്തിനു കീഴിൽ ബ്രസീലിന്‍റെ ആദ്യ അങ്കം വെള്ളിയാഴ്ച ബൊളീവിയയ്ക്കെതിരേയും.

അടുത്ത ജൂലൈയിൽ കോപ്പ അമേരിക്കയിലേക്ക് ബ്രസീലിനെ നയിക്കാൻ ആൻസലോട്ടി ഉണ്ടാകുമെന്നാണ് രാജ്യത്തെ ഫുട്ബോൾ അധികൃതർ തറപ്പിച്ചു പറയുന്നത്. അതോടെ ഡിനിസ് അസിസ്റ്റന്‍റ് കോച്ചായി മാറും.

എന്നാൽ, ബ്രസീലിയൻ ഫുട്ബോളിന്‍റെ ചരിത്രത്തിലെ ആദ്യ വിദേശ കോച്ചായി ചുമതലയേൽക്കുന്ന കാര്യം ആൻസലോട്ടി ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടുമില്ല.

എതിർ ടീമുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ബജറ്റ് മാത്രമുള്ള ഫ്ളുമിനീസിനെ കോപ്പ ലിബർട്ടഡോസ് സെമിഫൈനൽ വരെയെത്തിച്ചുകഴിഞ്ഞു ഡിനിസ്. ഇതേ തന്ത്ര വൈഭവം ദേശീയ ടീമിന്‍റെ കാര്യത്തിലും ആവശ്യം വരാനാണ് സാധ്യത. കാരണം, ഏറ്റവും വിലയേറിയ താരം ഇപ്പോൾ യൂറോപ്പിൽ ഇല്ല. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിൽ കളിക്കുന്ന നെയ്മറെ ദേശീയ ടീമിൽ കളിക്കാൻ സജ്ജനാക്കി നിർത്തുക എന്നതു തന്നെയായിരിക്കും ഇപ്പോൾ ഡിനിസും പിന്നീട് ആൻസലോട്ടിയും നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി.

അൽ ഹിലാലുമായി രണ്ടു വർഷത്തേക്ക് കരാറുള്ള നെയ്മർ അവർക്കായി ഇതുവരെ അരങ്ങേറിയിട്ടില്ല. എന്നാൽ, പരുക്ക് കാരണം ബൊളീവിയയ്ക്കും പെറുവിനെമെതിരായ മത്സരങ്ങൾക്ക് ബ്രസീലിയൻ ടീമിലുണ്ടാകുമോ എന്നും ഉറപ്പായിട്ടില്ല. ഇക്കാര്യത്തിൽ ഡിനിസും ഒന്നും വിട്ടുപറയുന്നില്ല.

കഴിഞ്ഞ ലോകകപ്പ് കളിച്ച വിനീഷ്യസ് ജൂനിയർ, ലൂക്കാസ് പക്കേറ്റ, ആന്‍റണി എന്നിവരും ഇപ്പോൾ ടീമിലില്ല. വിനിക്കു പരുക്കാണെങ്കിൽ, മറ്റു രണ്ടു പേരും നിയമ പ്രശ്നങ്ങൾ നേരിടുന്നതു കാരണമാണ് പുറത്തു നിൽക്കുന്നത്. അനധികൃത വാതുവയ്പ്പിൽ പങ്കാളിയായെന്ന് പ്രീമിയർ ലീഗ് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് പക്കേറ്റയെ പുറത്തുനിർത്തിയിരിക്കുന്നത്. ഗാർഹിക പീഡന കേസിൽ ഉൾപ്പെടതാണ് ആന്‍റണിക്കു വിനയായത്.

ഖത്തർ ലോകകപ്പിൽ സെന്‍റർ ഫോർവേഡായി കളിച്ച റിച്ചാർലിസൺ ബ്രസീലിനായി മൂന്നു ഗോളടിച്ചിരുന്നു. എന്നാൽ, പ്രീമിയർ ലീഗിലെ ആദ്യ മൂന്നു റൗണ്ടിലും ടോട്ടനത്തിനു വേണ്ടി ഗോളടിക്കാൻ സ്റ്റാർ സ്ട്രൈക്കർക്കു സാധിച്ചിട്ടില്ല. പകരം പരിഗണിക്കാവുന്ന മാത്യൂസ് കൂഞ്ഞ വോൾവർഹാംപ്ടനു വേണ്ടി കളിച് 24 മത്സരങ്ങളിൽ നേടിയത് മൂന്നു ഗോൾ മാത്രം. ആന്‍റണിക്കു പകരക്കാരനായി തിരിച്ചുവിളിക്കപ്പെട്ട ഗബ്രിയേൽ ജീസസിന്‍റെ പരുക്ക് മാറിവന്നിട്ടേയുള്ളൂ.

ആദ്യമായി 48 ടീമുകൾ കളിക്കാൻ പോകുന്ന ലോകകപ്പിലേക്ക് ബ്രസീൽ യോഗ്യത നേടുമെന്ന കാര്യത്തിൽ ആർക്കും സംശയമൊന്നുമില്ല. ലാറ്റിനമേരിക്കയിൽ നിന്ന് ലോകകപ്പ് ബർത്ത് ലഭിക്കുന്ന ടീമുകളുടെ എണ്ണം നാലിൽ നിന്ന് ആറായി ഉയർത്തിയിട്ടുമുണ്ട്. ഭൂഖണ്ഡാന്തര പ്ലേഓഫിലൂടെ ഏഴാമതൊരു ടീമിനു കൂടി ഇടം കിട്ടാനും സാധ്യത നിലനിൽക്കുന്നു.

എന്നാൽ, ബ്രസീലിനെ സംബന്ധിച്ച് യോഗ്യതയൊക്കെ നിസാരമാണ്. അതിലും വലിയ, ആത്യന്തിക ലക്ഷ്യം ആറാം ലോക കിരീടം തന്നെ, പ്രത്യേകിച്ച് ഇപ്പോഴാ കിരീടം അർജന്‍റീനയിൽ ഇരിക്കുന്നതുകൊണ്ടു തന്നെ

Comments are closed.