ന്യൂഡൽഹി: ഇന്ത്യയെയും മധ്യപൂർവത്തെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സമഗ്ര ഗതാഗത ശൃംഖല സ്ഥാപിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 ഉച്ചകോടിയിൽ പ്രഖ്യാപിച്ചു. അടിസ്ഥാനസൗകര്യ വികസന രംഗത്ത് വിദേശരാജ്യങ്ങളുമായി സഹകരിച്ച് ഇന്ത്യ പ്രഖ്യാപിക്കുന്ന ആദ്യ പദ്ധതിയാണിത്.
ഇന്ത്യ, യുഎഇ, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമനി, യുഎസ്എ രാജ്യങ്ങൾ ഉൾപ്പെടുന്നതാണു പദ്ധതി. ചൈനയുടെ എതിർപ്പു മറികടന്നാണ് പ്രഖ്യാപനമെന്നു റിപ്പോർട്ട്. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ മധ്യപൂർവേഷ്യയിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്ന ചൈനയ്ക്ക് വലിയ തിരിച്ചടിയാണു പദ്ധതി.
വലിയ പദ്ധതിയാണിതെന്നു യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ വിശേഷിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി പറഞ്ഞ ബൈഡൻ ജി20 ഉച്ചകോടിയുടെ വിഷയമായ ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതിന് ഊർജം പകരുന്നതാണു പദ്ധതിയെന്നും സുസ്ഥിരവും ശക്തവുമായ അടിസ്ഥാന സൗകര്യം മെച്ചപ്പെട്ട ഭാവിക്ക് ഉതകുമെന്നും വിശദീകരിച്ചു.
റോഡ്, റെയ്‌ൽ, വ്യോമ, നാവിക ഗതാഗത ശൃംഖലയുൾപ്പെടുന്ന പദ്ധതിയാണു മോദി പ്രഖ്യാപിച്ചത്. പങ്കാളികളാകുന്ന എല്ലാ രാജ്യങ്ങളും പദ്ധതിയിൽ നിക്ഷേപിക്കും. ദരിദ്ര, ഇടത്തരം രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനു കൂടി പദ്ധതി സഹായകമാകുമെന്നു നേതാക്കൾ. പദ്ധതിയുടെ ഭാഗമായി ഗൾഫ് രാജ്യങ്ങളെ പരസ്പരം റെയ്‌ൽ ശൃംഖലയിലൂടെ ബന്ധിപ്പിക്കും. ഇവിടെ നിന്ന് ഇന്ത്യയിലേക്ക് കപ്പൽ ഇടനാഴി തുറക്കും. സൗദിയിൽ നിന്നു ജോർദാൻ വരെ നീളുന്ന റെയ്‌ൽ ശൃംഖലയിൽ ഭാവിയിൽ ഇസ്രയേലിനെയും ഉൾപ്പെടുത്തും.
Comments are closed.