മഴ: ഇന്ത്യ – പാക് മത്സരം റിസർവ് ദിനത്തിൽ തുടരും

കൊളംബോ: ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ – പാക്കിസ്ഥാൻ മത്സരം മഴ കാരണം തടസപ്പെട്ടു. തിങ്കളാഴ്ച മത്സരം പുനരാരംഭിക്കും. മഴ കാരണം കളി തടസപ്പെടുമ്പോൾ ഇന്ത്യ 24.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഇതേ സ്കോറിൽ ഇതേ ഓവറിലാണ് കളി പുനരാരംഭിക്കുക.

നേരത്തെ, ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഇന്ത്യയെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. പതിവിലും പോസിറ്റിവ് രീതിയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും യുവതാരം ശുഭ്‌മാൻ ഗില്ലും തകർത്തടിച്ചതോടെ സ്കോർ കുതിച്ചുകയറി. എട്ടോവറിൽ 50 തികച്ച ഇന്ത്യക്ക് നൂറിലെത്താൻ അടുത്ത 32 പന്ത് മാത്രമേ വേണ്ടിവന്നുള്ളൂ

സ്കോർ 16.4 ഓവറിൽ 121 റൺസിലെത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് വീഴുന്നത്. 49 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം 56 റൺസെടുത്ത രോഹിത് പുറത്ത്, ഷാദാബ് ഖാന് വിക്കറ്റ്. 17.5 ഓവറിൽ ഗില്ലും പുറത്തായി. 52 പന്തിൽ പത്ത് ഫോർ ഉൾപ്പെടെ 58 റൺസായിരുന്നു സമ്പാദ്യം. രണ്ടാം സ്പെല്ലിനെത്തിയ ഷഹീൻ അഫ്രീദിക്ക് വിക്കറ്റ്. തിങ്കളാഴ്ച കളി പുനരാരംഭിക്കുമ്പോൾ വിരാട് കോലിയും (16 പന്തിൽ 8*) കെ.എൽ. രാഹുലും (28 പന്തിൽ 17*) ആയിരിക്കും ക്രീസിൽ.

Comments are closed.