കാവേരി ജല തർക്കം; കർണാടകയിൽ ഇന്ന് ബന്ദ്: ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ

കാവേരി ജല തർക്കത്തിൽ കർണാടകയിൽ ഇന്ന് ബന്ദ്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു വരെയാണ് ബന്ദ്. കന്നഡ-കർഷകസംഘടനകളുടെ കൂട്ടായ്‌മയായ ‘കന്നഡ ഒക്കൂട്ട’ യാണ് ബന്ദിന് നേതൃത്വം നൽകുന്നത്. കർ‌ഷക സംഘടനകൾ‌, കന്നഡ ഭാഷ സംഘടനകൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട എല്ലാ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും ജെഡിഎസും ബന്ദിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അക്രമ സാധ്യത കണക്കിലെടുത്ത് ബം​ഗളൂരുവിൽ വ്യാഴാഴ്‌ച രാത്രി 12 മുതൽ വെള്ളിയാഴ്‌ച രാത്രി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മൈസൂരു, മാണ്ഡ്യ മേഖലകളിൽ ബന്ദ് തീവ്രമാകുമെന്നാണ് കരുതുന്നത്. രാവിലെ 11-ന് സംസ്ഥാനത്തെ ദേശീയ പാതകളുൾപ്പെടെ പ്രധാനപാതകളിൽ വാഹനങ്ങൾ തടയുമെന്ന് കർണാടക ജലസംരക്ഷണസമിതി അറിയിച്ചു. കേരളത്തിൽ നിന്ന് മൈസൂരു വഴി വരുന്ന വാഹനങ്ങളുടെ യാത്ര തടസപ്പെട്ടേക്കും.

ഓൺലൈൻ ഓട്ടോ-ടാക്സികൾ ഉൾപ്പെടെ സർവീസ് നടത്തില്ല. ബെംഗളൂരുവിലെ ഹോട്ടലുകൾ തുറക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന അറിയിച്ചു. തിയേറ്ററുകളും പ്രവർത്തിക്കില്ല. സ്വകാര്യ സ്കൂളുകളും കോളജുകളും അവധി പ്രഖ്യാപിച്ചു.

 

Comments are closed.