2000 രൂപയുടെ നോട്ടുകൾ തിരികെ നൽകാനുള്ള സമയപരിധി നീട്ടി

രാജ്യത്ത് 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് അറിയിച്ചു. രണ്ടായിരം രൂപയുടെ നോട്ടുകൾ തിരികെ വിളിക്കാനുള്ള നടപടി വിജയമെന്ന് ആർബിഐ അറിയിച്ചു.

നോട്ട് മാറ്റുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തീയതി ഒരാഴ്ച കൂടി നീട്ടിയത്. കഴിഞ്ഞ മെയ് 19 ന് ആണ് നോട്ടുകൾ കുറയുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. 2018 -19 സാമ്പത്തിക വർഷത്തോടെ 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിവച്ചിരുന്നു.

2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഏകദേശം നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. 2,000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തിയതായാണ് സെപ്റ്റംബർ ഒന്നു വരെയുള്ള കണക്ക്.

2023 സെപ്റ്റംബർ 30-നകം നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ വേണമെന്നായിരുന്നു അറിയിപ്പ്. എല്ലാ ബാങ്കുകളും അവരുടെ ശാഖകൾ വഴി പൊതുജനങ്ങൾക്ക് നോട്ടുകൾ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്നു. ബാങ്ക് അക്കൗണ്ടുള്ളവർക്ക് ബാങ്ക് ബ്രാഞ്ചിൽ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാം.

നോട്ടുകൾ മാറ്റുന്നതിന് റിക്വിസിഷൻ സ്ലിപ്പോ ഐഡി പ്രൂഫോ ആവശ്യമില്ലെന്ന് ആർ ബി ഐ മാർഗനിർദേശങ്ങൾ പറയുന്നു. രജിസ്റ്റർ ചെയ്യാത്ത ഒരാൾക്ക് പോലും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2,000 രൂപയുടെ നോട്ടുകൾ മാറ്റാമെന്നും ആർ ബി ഐ വ്യക്തമാക്കിയിട്ടുണ്ട്.

Comments are closed.