ന്യൂഡല്‍ഹി: ലഡാക്ക്-കാര്‍ഗില്‍ ഹില്‍ ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയം ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. ദേശീയ മാധ്യമങ്ങള്‍ ഒരുപക്ഷെ ഈ വാര്‍ത്ത കണ്ടില്ലെന്ന് വരാം. ബിജെപിയെ തുടച്ചുമാറ്റി ലഡാക്ക്-കാര്‍ഗില്‍ ഹില്‍ ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഭാരത് ജോഡോ യാത്രയുടെ നേരിട്ടുള്ള പ്രതിഫലനമാണിതെന്നാണ് ജയറാം രമേശ് എക്‌സില്‍ കുറിച്ചത്.
തിരഞ്ഞെടുപ്പില്‍ ആകെയുള്ള 26 സീറ്റില്‍ 9 എണ്ണത്തിലും കോണ്‍ഗ്രസാണ് വിജയിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ് 12 സീറ്റ് നേടി. ബിജെപിക്ക് നേടാനായത് രണ്ട് സീറ്റ് മാത്രമാണ്. രണ്ട് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 95,388 വോട്ടര്‍മാരില്‍ 74,026 പേര്‍ വോട്ട് രേഖപ്പെടുത്തി.
30 അംഗ ലഡാക്ക് കാര്‍ഗില്‍ ഹില്‍ ഡവലമെന്റ് കൗണ്‍സിലില്‍ നാല് അംഗങ്ങള്‍ നോമിനേറ്റ് ചെയ്യുന്നവരാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്, ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ്.
Comments are closed.