വധശ്രമ കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. മുഹമ്മദ് ഫൈസൽ എംപി സ്ഥാനത്ത് തുടരാം എന്ന് വ്യക്തമാക്കിയ കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു.
നാലാഴ്ചയ്ക്കു ശേഷം കേസിൽ വിശദമായ വാദം കേൾക്കുമെന്ന് ജസ്റ്റിസ് മാരായ ഹൃഷികേശ് റോയ്, സഞ്ജയ് പരോൾ എന്നിവരുടെ ബെഞ്ച് അറിയിച്ചു. അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബിലാണ് മുഹമ്മദ് ഫൈസലിന് വേണ്ടി ഹാജരായത്.
ഇടക്കാല ഉത്തരവ് നൽകരുതെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ആവശ്യം. കവരത്തി സെഷൻസ് കോടതിയാണ് ലക്ഷദ്വീപ് എം പി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത്. മുഹമ്മദ് ഫൈസലിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മിച്ചത്. ഇതിനെതിരെയാണ് മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചത്.
Comments are closed.