സത്യജിത് റായ് പുരസ്കാരം മൈക്കൽ ഡഗ്ലസിന്

ന്യൂഡൽഹി: പ്രശസ്ത ഹോളിവുഡ് നടനും നിർമാതാവുമായ മൈക്കൽ ഡഗ്ലസിന് സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്. ഗോവയിൽ നടക്കുന്ന 54ാമത് ഇന്ത്യ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ (ഐഎഫ്ഫ്ഐ 54) സമ്മാനിക്കും. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂർ സാമൂഹ്യമാധ്യമമായ എക്‌സിലൂടെയാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത് .

മൈക്കൽ ഡഗ്ലസ്, ജീവിതപങ്കാളിയും പ്രമുഖ നടിയുമായ കാതറിൻ സീറ്റ ജോൺസ്, അവരുടെ മകനും നടനുമായ ഡിലൻ ഡഗ്ലസ് എന്നിവർ മേളയിൽ പങ്കെടുക്കും. ഈ മാസം 20 മുതൽ 28 വരെയാണ് മേള. മൈക്കൽ ഡഗ്ലസ് ഇന്ത്യയോടു പുലർത്തുന്ന സ്‌നേഹം എല്ലാവർക്കും അറിയാവുന്നതാണെന്നും നമ്മുടെ സമ്പന്നമായ സിനിമാ സംസ്‌കാരവും അതുല്യമായ പാരമ്പര്യങ്ങളും പ്രദർശിപ്പിക്കാൻ രാജ്യം ഉത്സുകമാണെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. 1999ലെ 30ാമത് ഐഎഫ്എഫ്‌ഐ മുതലാണ് സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് അസാധാരണമായ സംഭാവനകൾ കൊണ്ട് സിനിമാലോകത്തെ ഗണ്യമായി സമ്പന്നമാക്കുകയും ഉയർത്തുകയും ചെയ്ത വ്യക്തികൾക്ക് സമ്മാനിച്ചുവരുന്നത്.

ചലച്ചിത്രരംഗത്തെ പ്രഗത്ഭനായ മൈക്കൽ ഡഗ്ലസ് തന്‍റെ സമാനതകളില്ലാത്ത കഴിവും കലയോടുള്ള പ്രതിബദ്ധതയും കൊണ്ട് ആഗോളതലത്തിൽ പ്രേക്ഷകരെ ആകർഷിച്ചു. രണ്ട് അക്കാദമി അവാർഡുകൾ, അഞ്ച് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, ഒരു എമ്മി അവാർഡ് എന്നിവ നേടി. ആണവ നിർവ്യാപനം, ചെറു ആയുധങ്ങളുടെയും ലഘു ആയുധങ്ങളുടെയും അനധികൃത വ്യാപാരം തടയൽ എന്നിവയുൾപ്പെടെയുള്ള നിരായുധീകരണ വിഷയങ്ങളോടുള്ള പ്രതിബദ്ധത മൂലം 1998ൽ അദ്ദേഹത്തെ യുഎൻ സമാധാന ദൂതനായി നിയമിച്ചു. ഈ വർഷമാദ്യം കാൻ ഫിലിം ഫെസ്റ്റിവലിൽ ഓണററി പാം ഡി ഓർ ലഭിച്ചു.

മലയാളത്തിൽ പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിന്‍റെ ഏറെ ജനപ്രീതി നേടിയ “താളവട്ടം’ എന്ന ചിത്രം മൈക്കൽ ഡഗ്ലസ് നിർമിച്ച് 1975ൽ പുറത്തിറങ്ങിയ “വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് ‘ എന്ന പ്രശസ്ത ചിത്രത്തിന്‍റെ റീമെയ്ക്കായിരുന്നു. ഓസ്കർ ചരിത്രത്തിൽ മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി, തിരക്കഥ എന്നീ പ്രധാന അഞ്ചു പുരസ്കാരങ്ങളും സ്വന്തമാക്കിയ അപൂർവം സിനിമകളിൽ ഒന്നായിരുന്നു “വണ്‍ ഫ്ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് ‘. 54ാമത് ഐഎഫ്‌എഫ്‌ഐയുടെ ഭാഗമായി ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര നിർമാതാവ് ശൈലേന്ദ്ര സിങ് ആതിഥ്യം വഹിക്കുന്ന പ്രത്യേക “ഇൻ കോൺവെർസേഷൻ’ സെഷനിലും മൈക്കൽ ഡഗ്ലസും കാതറിൻ സീറ്റ ജോൺസും പങ്കെടുക്കും.

Comments are closed.