മലപ്പുറം മോഡല്‍’ വെറും ഹിറ്റല്ല, ബമ്ബ‍ര്‍ ഹിറ്റ്

തിക്കണ്ട തിരക്കണ്ട, ഇനി ആരോടും പോയി ചോദിക്കേണ്ടതുമില്ല! ഈ ‘മലപ്പുറം മോഡല്‍’ വെറും ഹിറ്റല്ല, ബമ്ബ‍ര്‍ ഹിറ്റ്!

 

മലപ്പുറം: മലപ്പുറം നഗരത്തിലെത്തിയാല്‍ ബസ് ഇനിയെപ്പോഴുണ്ടെന്ന് തിരക്കി നടക്കേണ്ട കാര്യമില്ല. ബസുകളുടെ റൂട്ടും സമയവും മാത്രമല്ല, തത്സമയ വിവരം പോലും മുമ്ബിലെ സ്ക്രീനിലെത്തും.

സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെയാണ് മലപ്പുറം നഗരസഭ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. മലപ്പുറം നഗരത്തിലെ ബസ് സ്റ്റോപ്പുകളിലെത്തി ഡിജിറ്റല്‍ സ്ക്രീനിലേക്കൊന്നു നോക്കിയാല്‍ ആവശ്യമുള്ള വിവരങ്ങളെല്ലാം ലഭിക്കും.

 

ഈ ബസ് സ്റ്റോപ്പ് വഴി വരുന്ന എല്ലാ ബസുകളുടേയും വിവരം സ്ക്രീനില്‍ തെളിഞ്ഞു കാണാം. ഓരോ റൂട്ടിലേക്കുമുള്ള ബസിന്‍റെ സമയക്രമത്തിനു പുറമേ ആ ബസ് ഇപ്പോള്‍ എവിടെയാണ്, നേരത്തെയെത്തുമോയെന്നതൊക്കെ കിറുകൃത്യമായി അറിയാം. ട്രിപ്പ് ക്യാന്‍സലായിട്ടുണ്ടെങ്കില്‍ അക്കാര്യവും ബോര്‍ഡില്‍ തെളിയും.

 

കെ എസ് ആര്‍ ടി സി ബസുകളുടെ വിവരങ്ങളും ലഭ്യമാണ്. മലപ്പുറം നഗരസഭയുടേതാണ് ഈ പദ്ധതി. ബസുകളിലെ ജിപിഎസ് സംവിധാവുമായി ബന്ധപ്പെടുത്തിയാണ് ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകളുടെ പ്രവര്‍ത്തനം. കോട്ടപ്പടി, കുന്നുമ്മല്‍, ആലത്തൂര്‍ പടി എന്നിവടങ്ങളിലാണ് ബോര്‍ഡുകള്‍ ആദ്യ ഘട്ടത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. പിന്നീട് കൂടതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.

Comments are closed.