കരിപ്പൂരിൽ ജീവനക്കാരെ ഉപയോഗിച്ചുള്ള സ്വർണക്കടത്ത് വീണ്ടും കൂടുന്നു

മലപ്പുറം: വിമാനത്തിനുള്ളിൽ ഒളിപ്പിച്ച് ജീവനക്കാരുടെ സഹായത്തോടെ സ്വർണം കടത്തുന്നത് കരിപ്പൂരിൽ വീണ്ടും വർദ്ധിക്കുന്നു. മൂന്നാഴ്ചയ്ക്കിടെ പിടികൂടിയ സ്വർണത്തിൽ പകുതിയോളം ഇത്തരത്തിൽ കടത്താൻ ശ്രമിച്ചതാണ്. 4.44 കോടിയുടെ സ്വർണം പിടികൂടിയപ്പോൾ 2.3 കോടിയുടെ സ്വർണവും വിമാനത്തിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെടുത്തത്. വിമാനത്തിന്റെ ടോയ്‌ലെറ്റിലെ വേസ്റ്റ് ബിന്നിലും സീറ്റിനടിയിലും ഒളിപ്പിച്ച് കടത്തുന്ന സ്വർണം പിന്നിട് ജീവനക്കാരുടെ സഹായത്തോടെ പുറത്തെത്തിക്കും. നേരത്തെ ഇത്തരത്തിൽ വലിയതോതിൽ സ്വർണം കടത്തിയതോടെ താത്കാലിക ജീവനക്കാരെ അടക്കം കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയതോടെയാണ് ഇതിന് കുറവ് വന്നത്. ശൗചാലയത്തിൽ ഉപേക്ഷിക്കുന്നതായിരുന്നു അന്നത്തെ രീതി. വിമാനത്തിൽ സ്വർണം സൂക്ഷിച്ചുള്ള കടത്ത് വർദ്ധിക്കുന്നത് തടയാൻ വിമാനത്താവളത്തിലെ മറ്റ് ഏജൻസികളെയും എയർലൈൻ ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.

ജനുവരിയിൽ ഇതുവരെ ഒരു യുവതി അടക്കം ആറ് പേരിൽ നിന്നായി 8.45 കിലോഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഇലക്ട്രിക് ഉണ്ണിയപ്പം മേക്കറിന്റെ ഉള്ളിൽ 25 ലക്ഷത്തിന്റെ സ്വർണമാണ് കോഴിക്കോട് പെരുവയൽ സ്വദേശിയായ 45കാരി കടത്തിയത്. ഈന്തപ്പഴത്തിന്റെ കുരു നീക്കം ചെയ്തും പെർഫ്യൂം ബോട്ടിലിനുള്ളിൽ സ്വർണ തരി നിറച്ചുമടക്കം സ്വർണം കടത്തി.

 

ഒരുവർഷത്തിനിടെ കരിപ്പൂർ വിമാനത്താവളം വഴി 172.19 കോടിയുടെ സ്വർണമാണ് കടത്തിയത്. 270.53 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. 163 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കൂടുതലും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തിയതാണ്. വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ചും ഇലക്ട്രിക് ഉപകരണങ്ങളിൽ കടത്തിയുമാണ് സ്വർണം കടത്തുന്നത്. എയർ കസ്റ്റംസിന് പുറമെ ഡി.ആർ.ഐ ഏജൻസികളും പൊലീസും സ്വർണം പിടികൂടുന്നുണ്ട്.

Comments are closed.