ഹൈ റിച്ച്‌ തട്ടിപ്പ് കേരളം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ സാമ്ബത്തിക തട്ടിപ്പെന്ന് ഇ.ഡി

കൊച്ചി: തൃശൂരിലെ ഹൈ റിച്ച്‌ തട്ടിപ്പ് കേരളം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ സാമ്ബത്തിക തട്ടിപ്പെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.

മള്‍ട്ടിലെവല്‍ മാർക്കറ്റിംഗ് സ്കീമിലേക്കുള്ള മെമ്ബർഷിപ്പ് ഇനത്തില്‍ കെ. ഡി പ്രതാപനും ഭാര്യയും ചേർന്ന് തട്ടിയെടുത്തത് 1157 കോടി. പ്രതികള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 19 കേസുകള്‍ ഉണ്ടെന്നും പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷയെ എതിർത്തുകൊണ്ട് ഇ.ഡി കോടതിയില്‍ സമർപ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

നിക്ഷേപരില്‍ നിന്നും ഹൈ റിച്ച്‌ ഉടമകളായ കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും ചേർന്ന് തട്ടിയെടുത്ത കോടികള്‍ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇ.ഡി അന്വേഷണം. ഇതിന് പിന്നാലെയാണ് കേരളം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ സാമ്ബത്തിക തട്ടിപ്പാണ് ഹൈ റിച്ച്‌ തട്ടിപ്പെന്ന് ഇ.ഡി എറണാകുളത്തെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയെ അറിയിച്ചത്. വലിയ പലിശ വാഗ്ദാനം ചെയ്ത് ആളുകളില്‍നിന്ന് പ്രതികള്‍ കോടികള്‍ സമാഹരിച്ചു. മള്‍ട്ടിലെവല്‍ മാർക്കറ്റിംഗ് സ്കീമിലേക്കുള്ള മെമ്ബർഷിപ്പ് ഫീ എന്ന പേരില്‍ പ്രതികള്‍ തട്ടിയത് 1157 കോടിയാണ്. ഒ ടി ടി പ്ലാറ്റ്ഫോമിലേക്ക് നിക്ഷേപിക്കാം എന്ന പേരിലും വലിയ തുക തട്ടിയെടുത്തു.

ഹൈ റിച്ച്‌ ഉടമകളുടെ ഓഫീസുകളിലും വീടുകളുമായി നടത്തിയ റെയ്ഡിന് പിന്നാലെ പ്രതികളുടെ 212 കോടിയുടെ സ്വത്ത് ഇ ഡി മരവിപ്പിച്ചിരുന്നു. ഇത് തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണമാണെന്നും പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷയെ എതിർത്തുകൊണ്ട് ഇ.ഡി, കോടതിയില്‍ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തില്‍ പറയുന്നു. തൃശൂര്‍ ടൗണ്‍ ഈസ്റ്റ്‌, ഇരിങ്ങാലക്കുട, ചിറ്റൂർ, ചേർപ്പ് സുല്‍ത്താൻബത്തേരി, എറണാകുളം സൗത്ത് അടക്കമുള്ള പൊലീസ് സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെ 19 കേസുകള്‍ ഉണ്ടെന്നും ഇ.ഡി അറിയിച്ചു. ഒരു ഘട്ടത്തിലും കേസ് അന്വേഷണവുമായി പ്രതികള്‍ സഹകരിച്ചിട്ടില്ല. കേരളത്തിന് പുറത്തും വലിയ തട്ടിപ്പ് നടന്നിട്ടുള്ളതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും അതിനാല്‍ പ്രതികള്‍ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് ഇ.ഡിയുടെ ആവശ്യം.

Comments are closed.