കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രയ്ക്ക് അമിത നിരക്ക് സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം:ജില്ലാ വികസന സമിതി
കരിപ്പുർ : ഈ വർഷത്തെ ഹജ്ജ് യാത്രയ്ക്ക് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം എംബാർക്കേഷൻ പോയിന്റായി തിരഞ്ഞെടുത്ത തീർത്ഥാടകരില്‍ നിന്നും യാത്രാ ചാർജ്ജായി ഇരട്ടിയിലധികം തുക ഈടാക്കാനുള്ള വിമാന കമ്ബനികളുടെ തീരുമാനം പിൻവലിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് മലപ്പുറം ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാനത്തു നിന്നും ഹജ്ജിനു പോകുന്നവരില്‍ 70 ശതമാനം പേരും കരിപ്പൂർ വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇവിടെ നിന്നുള്ള തീർത്ഥാടകരോട് മറ്റു വിമാനത്താവളങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇരട്ടിയിലധികം തുക ഈടാക്കാനാണ് എയർ ഇന്ത്യ അടക്കമുള്ള കമ്ബനികള്‍ തീരുമാനിച്ചിട്ടുള്ളത്. ഹജ്ജ് യാത്രക്കാർക്ക് വൻ സാമ്ബത്തിക ചെലവ് വരുന്നതിനൊപ്പം കരിപ്പൂരിനെ യാത്രക്കാർ കൈയൊഴിയാനും ഇത് കാരണമാവുമെന്നും പ്രമേയം അവതരിപ്പിച്ച ടി.വി ഇബ്രാഹിം എം.എല്‍.എ ചൂണ്ടിക്കാട്ടി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങള്‍ എം.എല്‍.എ പ്രമേയത്തെ പിന്താങ്ങി.
കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്ന് ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കായി റോഡുകള്‍ വെട്ടിപ്പൊളിക്കേണ്ടി വരുന്നതും തുടർന്ന് റോഡ് പൂർവ്വസ്ഥിതിയിലാക്കുന്നതുമായി ബന്ധപ്പെട്ടും ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മില്‍ ധാരണയിലെത്തണം. റോഡ് കട്ടിംഗ് അനുമതിക്കുള്ള അപേക്ഷകളില്‍ ഉടൻ തീരുമാനം വേണം. ഇരു വകുപ്പുകളുടെയും യോജിച്ചുള്ള പ്രവർത്തനമുണ്ടെങ്കിലേ സമയബന്ധിതമായി വികസന പ്രവൃത്തികള്‍ പൂർത്തീകരിക്കാനാവൂ.ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് കോണ്‍ഫറൻസ് ഹാളില്‍ ചേർന്ന യോഗത്തില്‍ ജില്ലാ കളക്ടർ വി.ആർ വിനോദ് അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി. ഉബൈദുള്ള, ടി.വി ഇബ്രാഹിം, പി. നന്ദകുമാർ, പി. അബ്ദുല്‍ ഹമീദ് , പ്രൊഫ. ആബിദ് ഹുസൈൻ തങ്ങള്‍, കുറുക്കോളി മൊയ്തീൻ ജില്ലാ പ്ലാനിങ് ഓഫീസർ എ.എം സുമ തുടങ്ങിയവർ പങ്കെടുത്തു.
Comments are closed.