കൊണ്ടോട്ടി : ബസ് സ്റ്റാന്‍ഡ് പരിസരം പഴയ ബാരിക്കേഡുകളുടെ സംഭരണ കേന്ദ്രമാക്കി കൊണ്ടോട്ടി നഗരസഭ.
ബസുകളില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ മാസങ്ങളായി നടപടികളില്ല.
എടവണ്ണപ്പാറ ഭാഗത്തേക്കും കുന്നുംപുറം ഭാഗത്തേക്കുമുള്ള ബസുകള്‍ നിര്‍ത്തുന്നിടത്താണ് പഴയ ബാരിക്കേഡുകള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്. സ്റ്റാന്‍ഡിനു മുന്നില്‍നിന്ന് ഒഴിവാക്കിയ ഹൈമാസ്റ്റ് വിളക്കുകാലും ഇതിനു മുകളില്‍ കൊണ്ടുവന്നിട്ടിട്ടുണ്ട്.
ബസ് സ്റ്റാന്‍ഡ് നവീകരണത്തിന്റെ ഭാഗമായി നടപ്പാതകളുടെ വശത്ത് പുതിയ കൈവരികള്‍ നിർമിച്ചപ്പോള്‍ നേരത്തെ കൈവരികളായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളാണ് സ്റ്റാന്‍ഡ് പരിസരത്തുതന്നെ സംഭരിച്ചിരിക്കുന്നത്. എടവണ്ണപ്പാറ, കുന്നുംപുറം ഭാഗങ്ങളിലേക്കുള്ള ബസുകള്‍ നിര്‍ത്തുന്ന ഭാഗത്ത് യാത്രക്കാര്‍ക്ക് ഇരിപ്പിട സൗകര്യങ്ങളില്ല. നടപ്പാതയില്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് ബസുകളില്‍ കയറാനും ഇറങ്ങിവരുന്നവര്‍ക്ക് നടപ്പാതയില്‍ പ്രവേശിക്കാനും ബാരിക്കേഡുകള്‍ക്കു മുകളിലൂടെ നടന്നുപോകണം. പ്രായമേറിയവരും ഭിന്നശേഷിക്കാരും സ്ത്രീകളും വിദ്യാര്‍ഥികളുമാണ് ദുരിതം അനുഭവിക്കുന്നത്.
അലക്ഷ്യമായി കൂട്ടിയിട്ട ബാരിക്കേഡുകളില്‍ തട്ടി കുട്ടികളടക്കമുള്ളവര്‍ വീഴുന്നത് പതിവാണ്. മാസങ്ങളോളമായി ഈ നില തുടരുകയാണെന്നും സാരമായ അപകടങ്ങള്‍ ഉണ്ടാകുമ്ബോള്‍ മാത്രമെ അധികൃതര്‍ കണ്ണുതുറക്കൂയെന്നും സമീപത്തെ വ്യാപാരികളും ബസ് ജീവനക്കാരും പറഞ്ഞു. പലയിടങ്ങളില്‍നിന്നെത്തുന്ന യാത്രക്കാര്‍ നിരന്തരം പരാതിയുന്നയിച്ചിട്ടും അപകടക്കെണി പരിഹരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. പൊതുജന സംഘടനകളൊന്നും ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്നതും വസ്തുതയാണ്.
Comments are closed.