എടവണ്ണപ്പാറ ജങ്ഷനില്‍ അപകടം കുറക്കാൻ സുരക്ഷാ നടപടികള്‍ക്ക് തുടക്കമായി

എടവണ്ണപ്പാറ :അപകടങ്ങള്‍ തുടർക്കഥയാവുന്ന എവണ്ണപ്പാറ അങ്ങാടിയില്‍ അപകട മുന്നറിയിപ്പ് സംവിധാനത്തിന് തുടക്കമാകുന്നു.

പൊതുമരാമത്ത് റോഡ് റണ്ണിങ് കോണ്‍ട്രാക്‌ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജങ്ഷനിലെ നാല് റോഡുകളിലും വേഗത കുറക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. റിംപിള്‍ സ്ട്രിപ്പ്, മുന്നറിയിപ്പ് ബോർഡുകള്‍, റിഫ്‌ലക്ടർ സ്ട്രിപ്പുകള്‍ എന്നിവ അടിയന്തിരമായി സ്ഥാപിക്കുന്നതിന് വകുപ്പുമന്ത്രി ഉത്തരവിട്ടിരുന്നു. ഒരാഴ്ചയ്ക്കകം തന്നെ ഇത് നടപ്പിലാക്കും.

 

ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ ഇടപെടലിലൂടെ അപകടാവസ്ഥ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പൊതുമരാമത്ത് ചീഫ് എഞ്ചിനിയർക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. ശനിയാഴ്ച നടന്ന ജില്ലാ വികസന സമിതി യോഗത്തിലും പ്രശ്‌നം ചർച്ച ചെയ്തു. ഇതോടൊപ്പം കൊണ്ടോട്ടി-എടവണ്ണപ്പാറ-അരിക്കോട് റോഡിന്റെ രണ്ടാംഘട്ട പ്രവൃത്തിയില്‍ ജങ്ഷൻ വീതി കൂട്ടുന്നതിനും പദ്ധതിയുണ്ട്. ദീർഘകാല പദ്ധതിക്ക് മുമ്ബ് വേഗത്തില്‍ നടപ്പിലാക്കുന്നതിനാണ് താല്‍ക്കാലിക പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് എം.എല്‍.എ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗത്തിന്റെ കീഴിലുള്ള മണ്ഡലത്തിലെ വിവിധ റോഡുകളില്‍ വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള ജങ്ഷനുകളിലും മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിക്കുന്നതിന് സർക്കാർ പണം അനുവദിച്ചതായി എം.എല്‍.എ അറിയിച്ചു. മണ്ഡലത്തിലെ 79 സ്ഥലത്താണ് ഈ ബോർഡുകള്‍ സ്ഥാപിക്കുക.

Comments are closed.