മഞ്ഞപ്പിത്തം: യുവതിയുടെ രക്തപരിശോധനയില്‍ വ്യത്യസ്ത ഫലം, പരാതി നല്‍കി

എടക്കര: മഞ്ഞപ്പിത്തം പിടിപ്പെട്ട യുവതിയുടെ രക്തം മൂന്നു മണിക്കൂറിനുള്ളില്‍ രണ്ടു ലാബുകളില്‍ നടത്തിയ പരിശോധനകളില്‍ വ്യത്യസ്ത ഫലം.

മരുത സ്വദേശിനിയായ യുവതിയ്ക്കാണ് മഞ്ഞപ്പിത്തം കുറവായിട്ടുണ്ടോ എന്നറിയാന്‍ നടത്തിയ പരിശോധനകളില്‍ വ്യത്യസ്ത ഫലം ലഭിച്ചത്.

 

മൂന്നാഴ്ച മുമ്ബാണ് ഇവര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചത്. ക്ഷീണവും മറ്റും മാറിയപ്പോള്‍ ഇവര്‍ ആദ്യം പോത്തുകല്ലിലെ ഒരു ലാബില്‍ രക്തം പരിശോധനയ്ക്ക് നല്‍കി. ഈ ലാബിലെ പരിശോധനാ ഫലത്തില്‍ സംശയം തോന്നിയ യുവതി എടക്കരയിലെ മറ്റൊരു ലാബില്‍ മൂന്നു മണിക്കൂറിനുള്ളില്‍ രക്തസാമ്ബിള്‍ പരിശോധനയ്ക്ക് നല്‍കി.

 

രണ്ടു റിസള്‍ട്ടുകളിലും പല ഘടകങ്ങളിലും ഏറ്റക്കുറച്ചില്‍ ഉണ്ടായിരുന്നു. രണ്ടു പരിശോധനാഫലങ്ങളിലെ അന്തരം കണ്ട യുവതിയുടെ ഭര്‍ത്താവ് ജില്ലാ മെഡിക്കല്‍ ഓഫീസറെ ഫോണില്‍ ബന്ധപ്പെട്ടു.

 

അക്രെഡിറ്റേഷന്‍ ഇല്ലാത്ത ലാബുകളാണ് കൂടുതലെന്നും അങ്ങനെയുള്ള ലാബുകളില്‍ പരിശോധന നടത്താതെ നിലമ്ബൂര്‍ ജില്ലാ ആശുപത്രി ലാബില്‍ പരിശോധന നടത്താനുമാണ് ഡിഎംഒ ഇദ്ദേഹത്തോട് നിര്‍ദേശിച്ചത്.

 

ഇതേത്തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ആരോഗ്യവകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍, ഡിഎംഒ എന്നിവര്‍ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറുച്ച്‌ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നു ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

പോത്തുകല്ലില്‍ 260ലേറെ ആളുകള്‍ മഞ്ഞപ്പിത്തം ബാധിതരായിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്കും പരിശോധനാ ഫലം ലഭിക്കാനുള്ള കാലതാമസവും കണക്കിലെടുത്ത് സാധാരണക്കാരായ ആളുകള്‍ പോലും സ്വകാര്യലാബുകളെയാണ് ആശ്രയിക്കുന്നത്.

 

എന്നാല്‍ കൃത്യമായ പരിശോധനാ ഫലവും രോഗനിര്‍ണയവും ചികിത്സയും രോഗികള്‍ക്ക് ലഭിക്കാത്ത സാഹചര്യമണ് നിലവിലുള്ളത്. സര്‍ക്കാര്‍ അംഗീകാരമില്ലാതെ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന ലാബുകളെ നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തയാറാകുന്നില്ല.

Comments are closed.