വനിതാ ദിനത്തില്‍ കനിവ് 108 ആംബുലൻസില്‍ യുവതിക്ക് സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ഡോ. അതുല്യയും എമര്‍ജൻസി മെഡിക്കല്‍ ടെക്‌നീഷ്യൻ രമേശും

മലപ്പുറം: വനിതാ ദിനത്തില്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി.

അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ഡോ. അതുല്യയും എമർജൻസി മെഡിക്കല്‍ ടെക്‌നീഷ്യൻ രമേശും. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിനിയായ 40 കാരിയാണ് ആംബുലൻസില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

 

വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പ്രസവവേദനയെ തുടർന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതായിരുന്നു യുവതി. ഡോക്ടർ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ആരോഗ്യനില വഷളാണെന്നും വിദഗ്ദ്ധ ചികിത്സ ആവശ്യമുണ്ടെന്നും മനസിലാക്കി ഉടനെ യുവതിയെ കോഴിക്കോട് ഐ.എം.സി.എച്ചിലേക്ക് റഫർ ചെയ്തു.

 

ഇതിനായി ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. ഉടൻ തന്നെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം മലപ്പുറം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് അനൂപ് എം, എമർജൻസി മെഡിക്കല്‍ ടെക്‌നീഷ്യൻ രമേശ് ആർ എന്നിവർ ആശുപത്രിയിലെത്തി.

 

ആംബുലൻസ് സംഘത്തിന് സഹായം നല്‍കാൻ ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.അതുല്യയും ആംബുലൻസില്‍ യുവതിയെ അനുഗമിച്ചു. ആംബുലൻസ് പന്തീരംകാവ് എത്തുമ്ബോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും തുടർന്ന് ഡോ. അതുല്യ നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി ആംബുലൻസില്‍ തന്നെ പ്രസവം എടുക്കാൻ തീരുമാനിക്കുകയായിരുന്നു.

 

തുടർന്ന് എമർജൻസി മെഡിക്കല്‍ ടെക്‌നീഷ്യൻ രമേശ് ആംബുലൻസില്‍ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഡോ. അതുല്യയുടെയും എമർജൻസി മെഡിക്കല്‍ ടെക്‌നീഷ്യൻ രമേശിന്റേയും പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി.

 

തുടർന്ന് ഡോ. അതുല്യയും രമേശും ചേർന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. ഇരുവരെയും ആംബുലൻസ് പൈലറ്റ് അനൂപ് ഉടൻ കോഴിക്കോട് ഐ.എം.സി.എച്ചില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍അറിയിച്ചു.

Comments are closed.