നിപബാധിത മേഖലകളിലെ വവ്വാലുകളില്‍ വീണ്ടും വൈറസ് സാന്നിധ്യം; മുൻകരുതല്‍ വേണമെന്ന് എൻ.ഐ.വി

കോഴിക്കോട്: കോഴിക്കോട്, വയനാട് എന്നി ജില്ലകളിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതായി പഠനറിപ്പോർട്ട്..

പുണെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി.) ഗവേഷകർ 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബർ മാസങ്ങളില്‍ നിപബാധിതമേഖലകളില്‍നിന്ന് ശേഖരിച്ച വവ്വാല്‍ സ്രവങ്ങള്‍ പരിശോധിച്ച ഫലങ്ങളില്‍ വൈറസ് സാന്നിധ്യം വ്യക്തമായത്. വൈറസ് മനുഷ്യരിലേക്ക് ഏതുതരത്തിലാണ് പകരുന്നതെന്ന് വ്യക്തമാകാൻ തുടർപഠനം വേണമെന്നാണ് റിപ്പോർട്ട് നിർദേശിക്കുന്നു.

കോഴിക്കോട് ജില്ലയിലെ പേരാമ്ബ്ര, മണാശ്ശേരി, കുറ്റ്യാടി, കള്ളാട്, തളീക്കര, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളില്‍നിന്നാണ് പഴംതീനി വവ്വാലുകളുടെ സ്രവങ്ങള്‍ ശേഖരിച്ചത്. 272 വവ്വാലുകളുടെ സ്രവങ്ങള്‍ പരിശോധനയ്‌ക്ക് വിധേയമാക്കിയതില്‍ 20.9 ശതമാനത്തില്‍ നിപ വൈറസ് ആന്റിബോഡി സാനിധ്യം കണ്ടെത്തി. 44 വവ്വാലുകളുടെ കരളില്‍നിന്നും പ്ലീഹയില്‍നിന്നും ശേഖരിച്ച സാംപിളുകളില്‍ നാലെണ്ണത്തില്‍ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നു.

മുമ്ബ് കേരളത്തില്‍ കണ്ടെത്തിയ നിപ വൈറസുമായി 99 ശതമാനം ജനിതകസാമ്യമുള്ളവയാണ് തിരിച്ചറിഞ്ഞ വൈറസെന്നും വ്യക്തമായി. മുൻവർഷങ്ങളില്‍ സംഘടിപ്പിച്ച പരിശോധനകളിലും മേഖലയിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

രോഗം വീണ്ടും വന്നാല്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കണമെന്ന് ഫ്രന്റീയേഴ്സ് മൈക്രോബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പുനല്‍കുന്നു. 2018, 19, 21, 23 വർഷങ്ങളിലാണ് കേരളത്തില്‍ നിപ രോഗബാധ പടർന്നത്.

Comments are closed.