ചോദ്യംചെയ്യലിനിടെ സ്റ്റേഷനില്‍ കുഴഞ്ഞുവീണ യുവാവ് ആശുപത്രിയില്‍ മരിച്ചു; രണ്ട് പോലീസുകാര്‍ക്ക് സസ്പെൻഷൻ
പെരിന്തല്‍മണ്ണ: ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണതിനെത്തുടർന്ന് പിന്നീട് ആശുപത്രിയില്‍ മരിച്ചു.
പന്തല്ലൂർ കടമ്ബോട് ആലുങ്ങല്‍ മൊയ്തീൻകുട്ടി(36) ആണ് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മരിച്ചത്.
തിങ്കളാഴ്ച വൈകീട്ടാണ് പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ മൊയ്തീൻകുട്ടി കുഴഞ്ഞുവീണത്. പോലീസ് മർദ്ദനത്തെത്തുടർന്നാണ് മൊയ്തീൻകുട്ടി മരിച്ചതെന്ന് ബന്ധുക്കളും കോണ്‍ഗ്രസ് പ്രവർത്തകരും ആരോപിച്ചു. ഞായറാഴ്ച കടമ്ബോട് തെക്കുമ്ബാട് മുത്തപ്പൻ വേലയുടെ എഴുന്നള്ളിപ്പ് നടക്കുന്നതിനിടെ സംഘർഷമുണ്ടായിരുന്നു. പോലീസ് ഇതുമായി ബന്ധപ്പെട്ട് വീഡിയോ ശേഖരിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ടതിന്റെ പേരിലാണ് മൊയ്തീൻകുട്ടിയെയും കടമ്ബോട് മൂത്താലി സമീറലി(35) തുടങ്ങിയവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
ആനക്കയം പഞ്ചായത്ത് 12-ാം വാർഡ് അംഗമായ ജോജോ മാത്യു, കോണ്‍ഗ്രസ് മുൻ മണ്ഡലം ഭാരവാഹി സലീം ഹാജി തുടങ്ങിയവർക്കൊപ്പമാണ് തിങ്കളാഴ്ച വൈകീട്ടോടെ ഇവർ സ്റ്റേഷനിലെത്തിയത്. പിന്നീട് കൂടെയുള്ളവരെ മാറ്റിനിർത്തി മൊയ്തീൻകുട്ടിയെയും സമീറലിയെയും സ്റ്റേഷന് പുറത്തുള്ള മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് മർദിക്കുന്നതിന്റെ ശബ്ദംകേട്ടെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു. മുറിയില്‍നിന്ന് സ്റ്റേഷനിലേക്ക് മാറ്റിയതോടെ വെള്ളം ചോദിച്ച മൊയ്തീൻകുട്ടി വെള്ളം കുടിച്ച് അല്പസമയത്തിനകം കുഴഞ്ഞുവീണു. ഇതോടെ പാണ്ടിക്കാടുള്ള സ്വകാര്യ ആശുപത്രിയിൻ പ്രവേശിപ്പിച്ചു.
ഇ.സി.ജി. പരിശോധനയും രക്തപരിശോധനയും കഴിഞ്ഞതോടെ വിദഗ്ധചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളുമായാണ് അത്യാഹിത വിഭാഗത്തില്‍ മൊയ്തീന്കുട്ടിയെ എത്തിച്ചതെന്നും ആൻജിയോഗ്രാം പരിശോധനയില്‍ ഗുരുതരമായ ബ്ലോക്കുകള്‍ കണ്ടെത്തിയതായും ചികിത്സിച്ച മൗലാന ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. മാത്യു പോള്‍ പറഞ്ഞു.
പെരിന്തല്‍മണ്ണ സബ്കളക്ടർ അപൂർവ തൃപദിയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) ടി.കെ. യഹിയയുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹ പരിശോധന. പെരിന്തല്‍മണ്ണ തഹസീല്‍ദാർ ടി.കെ. ഷാജിയും പരിശോധനയില്‍ പങ്കെടുത്തു. പ്രഥമവിവര റിപ്പോർട്ടിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി ബന്ധുക്കളും കോണ്‍ഗ്രസ് പ്രവർത്തകരും മൃതദേഹം കൊണ്ടുപോകാൻ അനുവദിച്ചില്ല. തുടർന്ന് ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയി എത്തി ജില്ലാപോലീസ് മേധാവിയുമായി ഫോണില്‍ സംസാരിച്ചതില്‍ ലഭിച്ച ഉറപ്പിനെത്തുടർന്നാണ് മൃതദേഹം കൊണ്ടുപോകാൻ അനുവദിച്ചത്. ഉച്ചയ്ക്ക് 1.10-ഓടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.
മൊയ്തീൻകുട്ടിയുടെ പിതാവ്: മുഹമ്മദ്. മാതാവ്: പരേതയായ ആയിഷ. ഭാര്യ: ഹസീന. മക്കള്‍: അല്‍ഹാൻ, അൻഹ. സഹോദരങ്ങള്‍: ഉസ്മാൻ, ഹമീദ്, അബ്ദുറഹ്മാൻ, ആരിഫ്, ഫാത്തിമ, ഉമ്മുക്കുല്‍സു, ഷാഹിന
രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു
മലപ്പുറം: പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്യലിനിടെ കുഴഞ്ഞുവീണ മൊയ്തീൻ കുട്ടി ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ രണ്ട് പോലീസ് ഓഫീസർമാരെ സസ്പെൻഡ് ചെയ്തു. പാണ്ടിക്കാട് സ്റ്റേഷനിലെ സി.പി.ഒമാരായ ആള്‍ഡസ് വിൻസ്, ഷംസീർ ടി.പി. എന്നിവരെ ഉടൻ പ്രാബല്യത്തില്‍ വരത്തക്ക വിധം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ ഉത്തരവിട്ടു. വിശദമായ ഉത്തരവ് പിന്നാലെ പുറപ്പെടുവിക്കുമെന്ന് എസ്.പി. അറിയിച്ചു.
Comments are closed.