പേരാമ്ബ്ര അനുവധക്കേസ്‌: അധികൃതരുടെ വീഴ്‌ച മുജീബിന്‌ തുണയായി , മുജീബിന്റെ പേരിലുള്ളത്‌ കുറ്റകൃത്യങ്ങളുടെ പരമ്ബര

കോഴിക്കോട്‌ : യുവതിയെ ക്രൂരമായി കൊലചെയ്‌ത്‌ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ്‌ റഹ്‌മാന്‍ സമാനരീതിയിലുള്ള കുറ്റകൃത്യങ്ങള്‍ മുമ്ബും നടത്തിയിട്ടുള്ളതായി പോലീസിനു വ്യക്‌തം.

മലബാറിലെ പല സ്‌റ്റേഷനുകളിലായി 56 കേസുകളാണ്‌ ഇയാള്‍ക്കെതിരേയുള്ളത്‌. ജയിലിലായ ശേഷം ജാമ്യത്തിലിറങ്ങിയ മുജീബിനെ നിരീക്ഷിക്കുന്നതില്‍ പോലീസിനു സംഭവിച്ച പിഴവാണ്‌ വീണ്ടും കുറ്റകൃത്യം നടത്താന്‍ സഹായകമായതെന്നു വിമര്‍ശനമുണ്ട്‌. എന്നാല്‍ വാളൂര്‍ സ്വദേശി അനുവിനെ കൊലപ്പെടുത്തിയ കേസില്‍ അതിസാഹസികമായാണ്‌ പോലീസ്‌ ഇയാളെ വീട്ടില്‍നിന്നു പിടികൂടിയത്‌.

 

ആദ്യ കേസ്‌ ഇരുപതാം വയസില്‍

 

ഇരുപതാം വയസിലായിരുന്നു മുജീബ്‌ റഹ്‌മാനെതിരേയുള്ള ആദ്യകേസ്‌. തിരൂരിലെ ജൂവലറി ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു ഇത്‌. പിന്നീടിങ്ങോട്ട്‌ കുറ്റകൃത്യങ്ങളുടെ പരമ്ബരതന്നെ മുജീബ്‌ സൃഷ്‌ടിച്ചു. വാഹനമോഷണം, മോഷ്‌ടിച്ച വാഹനങ്ങളില്‍ കറങ്ങിനടന്ന്‌ സ്‌ത്രീകളെ ഉപദ്രവിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ കവരല്‍ എന്നിവയായിരുന്നു ഇയാളുടെ പ്രധാന കുറ്റകൃത്യങ്ങള്‍. കുപ്രസിദ്ധ വാഹനക്കവര്‍ച്ചാ സംഘത്തലവന്‍ മലപ്പുറം സ്വദേശി വീരപ്പന്‍ റഹീമിന്റെ കൂട്ടാളിയായിട്ടായിരുന്നു തുടക്കം. അന്തര്‍ സംസ്‌ഥാന വാഹനമോഷണ സംഘമായി ഇവരുടെ കൂട്ടായ്‌മ വളര്‍ന്നു. പിന്നീട്‌ വീരപ്പന്‍ റഹീമുമായി അകന്ന മുജീബ്‌ തനിച്ച്‌ മോഷണവും കവര്‍ച്ചയും നടത്താന്‍ തുടങ്ങി.

മുത്തേരിയിലെ ബലാത്സംഗം

 

കോവിഡ്‌ കാലത്താണ്‌ മുക്കം മുത്തേരിയിലുള്ള വയോധികയെ മുജീബ്‌ റഹ്‌മാന്‍ ആക്രമിച്ചു ബലാത്സംഗം ചെയ്‌തത്‌. ഇതോടൊപ്പം വയോധികയുടെ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. ഈ കേസില്‍ പ്രതിയെ പിടികൂടാന്‍ പോലീസ്‌ മിടുക്കു കാട്ടിയെങ്കിലും തുടര്‍നടപടികളില്‍ നിസംഗത പാലിച്ചെന്ന്‌ ആരോപണമുണ്ട്‌. ഹോട്ടല്‍ ജീവനക്കാരിയായ വയോധിക ജോലി കഴിഞ്ഞു വീട്ടിലേക്കു വരുമ്ബോള്‍ മോഷ്‌ടിച്ച ഓട്ടോയുമായെത്തുകയായിരുന്നു മുജീബ്‌ റഹ്‌മാന്‍. കോവിഡ്‌ കാലത്ത്‌ വാഹനം കിട്ടാതിരുന്നതിനാല്‍ ഇവാളുടെ ഓട്ടോയില്‍ വയോധിക കയറി. ആളൊഴിഞ്ഞ സ്‌ഥലത്തെത്തിയപ്പോള്‍ ചെറിയ തകരാറുണ്ടെന്നു പറഞ്ഞ്‌ ഓട്ടോ നിര്‍ത്തിയ മുജീബ്‌ വെറുതെ പരിശോധന നടത്തി. തുടര്‍ന്ന്‌ ഓട്ടോയുടെ പിന്‍സീറ്റിലേക്കു ചാടിക്കയറിയ ഇയാള്‍ വയോധികയുടെ തല കമ്ബിയില്‍ ഇടിപ്പിച്ചശേഷം മയക്കുമരുന്ന്‌ സ്‌പ്രേ ചെയ്‌ത്‌ ബോധം കെടുത്തി. തുടര്‍ന്ന്‌ കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

തലയ്‌ക്ക്‌ ഗുരുതരമായി പരുക്കേറ്റ വയോധികയുടെ പരാതിപ്രകാരം പോലീസ്‌ കേസെടുത്ത്‌ മുജീബിനെ അറസ്‌റ്റ്‌ചെയ്‌തു. തുടര്‍ന്ന്‌ കോടതിയില്‍ ഹാജരാക്കിയെങ്കിലും പിന്നീടുള്ള നീക്കങ്ങളില്‍ നിസംഗത പുലര്‍ത്തി. ഈ കേസില്‍ ഇപ്പോഴും വിചാരണ പൂര്‍ത്തിയായിട്ടില്ല. മുഖത്ത്‌ എന്തോ സ്‌പ്രേ ചെയ്‌താണു തന്നെ ബോധം കെടുത്തിയതെന്ന വയോധികയുടെ മൊഴി കുറ്റപത്രത്തില്‍നിന്ന്‌ നീക്കംചെയ്പ്പെട്ടുയ. തുടര്‍ന്നാണ്‌ ജാമ്യം ലഭിച്ച്‌ മുജീബ്‌ പുറത്തിറങ്ങിയത്‌.

സമാനമായ രീതിയിലാണ്‌ അനുവിനെതിരേയും ആക്രമണം നടന്നത്‌. കണ്ണൂര്‍ മട്ടന്നൂരില്‍നിന്ന്‌ മോഷ്‌ടിച്ച ബൈക്കുമായി ആളൊഴിഞ്ഞ മേഖലയിലെത്തിയ മുജീബ്‌ ഇരയക്കായി പലവട്ടം കറങ്ങിയിരുന്നു. ഭര്‍ത്താവിനടുത്തെത്താന്‍ മറ്റു വാഹനങ്ങളൊന്നും ലഭിക്കാതെ അസ്വസ്‌ഥയായ അനുവിനെ പറഞ്ഞുവിശ്വസിപ്പിച്ചാണ്‌ ഇയാള്‍ ലിഫ്‌റ്റ്‌ നല്‍കിയത്‌.

 

തെളിവെടുപ്പിന്‌ പോലീസ്‌

 

റിമാന്‍ഡില്‍ കഴിയുന്ന മുജീബ്‌ റഹ്‌മാനെ കസ്‌റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ്‌ പേരാമ്ബ്ര കോടതിയില്‍ അപേക്ഷ നല്‍കി. ആറു ദിവസത്തെ കസ്‌റ്റഡിയ്‌ക്കാണ്‌ അപേക്ഷ നല്‍കിയത്‌. വാഹനം കവര്‍ന്ന മട്ടന്നൂര്‍ അടക്കമുള്ള മേഖലകളിലെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തേണ്ടതുണ്ട്‌. മുജീബിനെ ഈ മേഖലയിലെത്തിച്ചാല്‍ വെറുതെവിടില്ലെന്ന്‌ പ്രദേശവാസികള്‍ പ്രതികരിച്ചിരുന്നു. ജനരോഷം കൂടെ കണക്കിലെടുത്ത്‌ അതിരാവിലെ തന്നെ തെളിവെടുപ്പ്‌ പൂര്‍ത്തീകരിക്കാനാകും പോലീസ്‌ ശ്രമിക്കുക.

തോട്ടില്‍ ഒരാള്‍ക്കു മുങ്ങിമരിക്കാന്‍ തക്ക വെള്ളമില്ലെന്നതും സാഹചര്യത്തെളിവുകളും മൂലമാണ്‌ അന്വേഷണം മുജീബിലേക്കു നീണ്ടത്‌. കൊണ്ടോട്ടിയിലെ വീടുവളഞ്ഞ്‌ മുജീബിനെ അതിസാഹസികമായി പോലീസ്‌ പിടികൂടുകയായിരുന്നു. കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്ന ഇയാളെ കിടപ്പുമുറിയുടെ വാതില്‍ ചവിട്ടിപൊളിച്ചാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇതിനിടെ മാരകയാധങ്ങളുമായി ഇയാള്‍ പോലീസിനെ നേരിട്ടു. ഒരു സിവില്‍ പോലീസ്‌ ഓഫീസര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു.

 

പുറത്തുനിന്ന്‌ സഹായം

 

ചില കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും സഹായം മുജീബിനു ലഭിക്കുന്നതായി പോലീസിന്‌ സൂചന ലഭിച്ചിട്ടുണ്ട്‌. അറസ്‌റ്റിലാകുന്ന മുജീബിനെ ജാമ്യത്തിലിറക്കാനും നിയമസഹായം ഏര്‍പ്പാടാക്കാനും ഇവര്‍ ഇടപെടല്‍ നടത്താറുണ്ട്‌. കുറഞ്ഞ സമയത്തിനുള്ളിലാണ്‌ മുജീബ്‌ ആക്രമണം നടത്തി രക്ഷപ്പെടാറുള്ളത്‌. അനുവിനെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു രക്ഷപ്പെടാന്‍ ചെലവഴിച്ചത്‌ കേവലം പത്തു മിനിറ്റ്‌ മാത്രം. കസ്‌റ്റഡിയില്‍ വാങ്ങുന്നതോടെ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്കു തുമ്ബുണ്ടാക്കാന്‍ സാധിക്കുമെന്നാണ്‌ പോലീസിന്റെ കണക്കുകൂട്ടല്‍.

സ്‌ഥിരം കുറ്റവാളികളെ ജയിലിലടയ്‌ക്കാനും മറ്റ്‌ ജില്ലകളിലേക്കു സഞ്ചരിക്കുന്നതു തടയാനും കാപ്പ പോലുള്ള നിയമസംവിധാനങ്ങളുണ്ടെങ്കിലും മുജീബിന്റെ കാര്യത്തില്‍ ഇതെല്ലാം നോക്കുകുത്തിയായി. ബലാത്സംഗം അടക്കം 55 ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടും ഇയാള്‍ക്കെങ്ങനെ സൈ്വര്യവിഹാരം നടത്താന്‍ സാധിച്ചെന്ന്‌ നാട്ടുകാര്‍ ചോദിക്കുന്നു.

Comments are closed.