ഡെങ്കിപ്പനിക്കെതിരേ ജാഗ്രത വേണം: ആരോഗ്യവകുപ്പ്

മലപ്പുറം: ജില്ലയില്‍ ഡെങ്കിപ്പനി രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു.

ജനുവരി മുതല്‍ ഇതുവരെ ജില്ലയില്‍ സ്ഥിരീകരിച്ച 469 ഡെങ്കിപ്പനി കേസുകളും സംശയാസ്പദമായ 581 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ചുങ്കത്തറ, എടവണ്ണ, വണ്ടൂര്‍ എന്നീ ഹെല്‍ത്ത് ബ്ലോക്കുകളിലാണ്.

ചുങ്കത്തറ ഹെല്‍ത്ത് ബ്ലോക്കില്‍ 120 സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകളും എടവണ്ണ ഹെല്‍ത്ത് ബ്ലോക്കില്‍ 80 സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകളും വണ്ടൂര്‍ ഹെല്‍ത്ത് ബ്ലോക്കില്‍ 67 സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകളും ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകല്‍ സമയത്താണ് ഇവ മനുഷ്യരെ കൂടുതലായി കടിക്കുന്നത്. ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4 എന്നിങ്ങനെ നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതില്‍ ഏതെങ്കിലും ഒരു ഇനം വൈറസ് മൂലം ഡെങ്കിപ്പനി വന്ന് ഭേദമായ വ്യക്തിക്ക് തുടര്‍ന്ന് മറ്റൊരു ഇനം ഡെങ്കി വൈറസ് മൂലം ഡെങ്കിപ്പനി ബാധിച്ചാല്‍ രോഗം ഗുരുതരമാകുകയും രക്തസ്രാവം ഉണ്ടാകുകയും മരണത്തിനുവരെ കാരണമാകുകയും ചെയ്യും.

ഡെങ്കി വൈറസ് ശരീരത്തില്‍ കയറിയാല്‍ അഞ്ച് മുതല്‍ എട്ടു ദിവസം എടുത്താണ് രോഗം പുറത്തേക്ക് വരുന്നത്. അതി തീവ്രമായ പനി (104 ഡിഗ്രി വരെ), കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, കടുത്ത ശരീരവേദന തൊലിപ്പുറത്ത് ചുവന്ന പാടുകള്‍, ഛര്‍ദ്ദിയും തുടങ്ങിയവയാണ് ഇതിന്‍റെ പ്രധാന ലക്ഷണങ്ങള്‍.

ഡെങ്കിപ്പനി മൂർച്ഛിച്ച്‌ കഴിഞ്ഞാല്‍ പൊതുവെയുള്ള ലക്ഷണങ്ങള്‍ക്കൊപ്പം താഴെ പറയുന്ന ലക്ഷണങ്ങള്‍ കൂടി കാണുകയാണെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം. അസഹനീയമായ വയറുവേദന, മൂക്കില്‍ നിന്നും വായില്‍ നിന്നും മോണയില്‍ നിന്നും രക്തസ്രാവം, ബോധക്ഷയം, തൊണ്ട വരളുക, ശ്വാസോച്ഛ്വാസത്തിന് വിഷമം, രക്തത്തോടു കൂടിയോ ഇല്ലാതയോ ഇടവിട്ടുള്ള ഛര്‍ദ്ദി, കറുത്ത നിറത്തില്‍ മലം പോകുക, അമിതമായ ദാഹം എന്നിവയാണ് ലക്ഷണങ്ങള്‍.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടി നില്‍ക്കുന്നതിന് അനുവദിക്കരുത്. രോഗം വന്നയാളെ കൊതുക് വലയ്ക്കുള്ളില്‍ തന്നെ കിടത്താന്‍ ശ്രമിക്കുക. രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരെ കടിച്ചാല്‍ രോഗം പകരാന്‍ സാധ്യതയുണ്ട്. കൊതുക് കടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കൈകളും കാലുകളും നന്നായി മറച്ച്‌ വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കാം. കൊതുക് കടി ഒഴിവാക്കാന്‍ തൊലിപ്പുറത്ത് ക്രീമുകള്‍, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കാം. ഡെങ്കിപ്പനിയുടെ ലക്ഷണമാണെന്ന് തോന്നിയാല്‍ രോഗിക്ക് മതിയായ വിശ്രമം നല്‍കേണ്ടതും കുടിക്കാന്‍ ധാരാളം വെള്ളം നല്‍കേണ്ടതുമാണ്.

രോഗം വന്നു കഴിഞ്ഞാല്‍ വിദഗ്ധ ചികിത്സയാണ് പ്രധാനം. സ്വയം ചികിത്സ ചെയ്യരുത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ യഥാസമയം ചികിത്സ നല്‍കേണ്ടത് പ്രധാനമാണ്. രോഗം ഗുരുതരമായവര്‍ക്ക് രക്തം, പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ് ചികിത്സ എന്നിവ നല്‍കാറുണ്ട്.

 

Comments are closed.