അങ്ങാടിപ്പുറത്ത് ശേഖരിച്ച മാലിന്യം കുന്നുകൂടിയ നിലയിൽ

അങ്ങാടിപ്പുറം: വീടുകളില്‍നിന്ന് ശേഖരിച്ച്‌ കുന്നുകൂട്ടിയിട്ട അങ്ങാടിപ്പുറം പഞ്ചായത്തിലെ മാലിന്യം മഴക്ക് മുമ്ബ് നീക്കിയില്ലെങ്കില്‍ ബാധ്യതയാവുമെന്ന് ആശങ്ക.വീടുകളില്‍നിന്ന് ഹരിതകർമസേന ശേഖരിച്ച്‌ വലമ്ബൂരില്‍ വാടകക്കെടുത്ത സ്ഥലത്ത് തള്ളിയ മാലിന്യം ചാക്കുകളില്‍ കിടന്ന് ദ്രവിച്ച്‌ വീണ്ടും പരന്നു കിടക്കുകയാണ്. ഇവ പൊരിവെയിലില്‍ ഹരിതകർമ സേന അംഗങ്ങള്‍ വീണ്ടും ചാക്കുകളിലാക്കുകയാണ്. വെയിലും മഴയും ഏല്‍ക്കാത്ത സ്ഥലത്താണ് ഇത്തരം പ്രവർത്തനം നടക്കേണ്ടത്. എന്നാല്‍ അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതി ചുമതലയേറ്റ അന്നുമുതല്‍ ഉയരുന്നതാണ് ഈ ആവശ്യം.

40 ലോഡിന് മുകളില്‍ നിലവില്‍ ഇവിടെ മാലിന്യം കിടക്കുന്നുണ്ട്. അങ്ങാടിപ്പുറത്ത് വീടുകളില്‍ നിന്ന് സമയത്ത് മാലിന്യം നീക്കുന്നില്ല. ഇനി ശേഖരിച്ച്‌ എം.സി.എഫില്‍ കൊണ്ടുവന്നിട്ടാലുള്ള സ്ഥിതിയാണ് ഇത്. മുൻഭരണസമിതി തുടർന്ന അതേ നിസംഗതയാണ് നിലവിലെ ഭരണസമിതിക്കും. ചെറിയ ഷെഡാണ് സംഭരണ കേന്ദ്രത്തില്‍. അതിനു പരിസരം മുഴുവൻ മാലിന്യം പരന്നു കിടക്കുകയാണ്. ഒരാഴ്ച ഒരു ലോഡ് മാലിന്യം ഇവിടെനിന്ന് നീക്കി. മാസങ്ങള്‍ കൂടുമ്ബോഴാണ് വീടുകളില്‍നിന്ന് മാലിന്യം ശേഖരിക്കുന്നത്.

പരിമിതമായ വാർഡുകളിലേ മാലിന്യം നീക്കുന്നുള്ളൂ. അതേസമയം ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്താതെയും അനുവദിച്ച ഫണ്ട് മുഴുവൻ ചെലവിടാൻ അവസരം നല്‍കാതെയും സർക്കാർ തുടരുന്ന അവഗണനക്കിടയിലാണിത്. നിലമ്ബൂർ ആസ്ഥാനമായ ഏജൻസിയാണ് മാലിന്യ നീക്കം കരാറെടുത്തത്. മാസത്തില്‍ ഒന്നോ രണ്ടോ ലോഡ് നീക്കും. ഇത്ര തന്നെ മാലിന്യം ഒാരോ ആഴ്ചയും ഇവിടെ വരും. ആദ്യഘട്ടത്തില്‍ മാലിന്യം വെയിലും മഴയുമേല്‍ക്കാതെ എം.സി.എഫില്‍ സംഭരിക്കണം. ഇക്കാര്യങ്ങള്‍ മുഖ്യ അജണ്ടയാക്കി പഞ്ചായത്ത് ഭരണസമിതി യോഗം വിളിക്കണമെന്നാണ് ആവശ്യം.

Comments are closed.