ആവേശ ചൂടിലമർന്ന് കൊട്ടികലാശം

മലപ്പുറം: ഒരുമാസത്തിലേറെ നീണ്ടുനിന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ ഇന്നലെ നടന്ന കൊട്ടിക്കലാശം ആവേശ കൊടുമുടിയിലേറി.നാടും നഗരവും മുന്നണികളുടെ കലാശക്കൊട്ടില്‍ പ്രകമ്ബനം കൊണ്ടു. തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു സ്ഥാനാര്‍ഥികളെത്തിയതോടെ ആവേശം അണപൊട്ടി.

സമാപനത്തിനിടെ ജില്ലയിലെ വിവിധയിടങ്ങളില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസും നേതാക്കളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. വൈകിട്ട് ആറോടെയാണ് പരസ്യപ്രചാരണങ്ങള്‍ സമാപിച്ചത്. ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കുറുകളാണ് സ്ഥാനാര്‍ഥികളുടെ മുന്നിലുള്ളത്.

ഇന്നു രാവിലെ മുതല്‍ വോട്ടെണ്ണല്‍ സാമഗ്രികളുടെ വിതരണം നടക്കും. മറ്റന്നാള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ വോട്ടെടുപ്പ്. പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടിയൊഴുകിയപ്പോള്‍ കൊട്ടിക്കലാശം സംഘര്‍ഷത്തിലെത്തി പലയിടത്തും.

മലപ്പുറം കളക്ടറേറ്റ് ബംഗ്ലാവ് പരിസരത്തുള്ള പെരിന്തല്‍മണ്ണ റോഡിലേക്ക് യുഡിഎഫിന്‍റെ കൊട്ടിക്കലാശവും മഞ്ചേരി റോഡിലേക്ക് എല്‍ഡിഎഫിന്‍റെ കൊട്ടിക്കലാശവുമാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കുന്നുമ്മല്‍ കെഎസ്‌ആര്‍ടിസി പരിസരത്തേക്ക് ഇരുകൂട്ടരും ഒരുമിച്ചെത്തിയതോടെ സംഘര്‍ഷത്തിനിടയായി. ഇതേചൊല്ലി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയായിരുന്നു.

വൈകീട്ട് നാലരയോടെയാണ് സംഭവം. തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ നഗരമധ്യമത്തിലുള്ള സര്‍ക്കിളിനു മുകളില്‍ കയറി പതാക വീശി. ഇതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും എന്‍ഡിഎ പ്രവര്‍ത്തകരും അവിടെയെത്തി പതാക വീശിയതോടെ പോലീസ് പ്രവര്‍ത്തകരോട് താഴെയിറങ്ങാന്‍ നിര്‍ദേശിച്ചു. പ്രവര്‍ത്തകര്‍ താഴെയിറങ്ങാന്‍ തയാറാകാത്തതിനാല്‍ പോലീസ് ബലമായി പിടിച്ച്‌ താഴെയിറക്കുകയും ലാത്തി വീശുകയും ചെയ്തു.

വണ്ടൂരില്‍ കലാശക്കൊട്ടിനിടെ ആവേശം അതിരുവിട്ടു. പ്രവര്‍ത്തകര്‍ തമ്മിലും പോലീസുമായും കൈയാങ്കളിയുണ്ടായി. ഒരു പോലീസുകാരന് തലയ്ക്കു പരിക്കേറ്റു. വടപുറം പട്ടിക്കാട് സംസ്ഥാനപാതയിലെ വണ്ടൂര്‍ ജംഗ്ഷനിലായിരുന്നു കലാശക്കൊട്ട് നടന്നത്. ഇക്കാരണത്താല്‍ തന്നെ ഒരു മണിക്കൂര്‍ അധികം നേരം സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു.

അനൗണ്‍സ് വാഹനങ്ങള്‍, ശിങ്കാരിമേളം, പൂക്കാവടി എന്നിവയുമായാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ഇങ്ങോട്ടേക്ക് എത്തിയത്. തുടര്‍ന്ന് മത്സരിച്ച്‌ കൊട്ടികയറിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷം നിയന്ത്രിക്കുന്നതിനിടെയാണ് വണ്ടൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒ കെ.എം. അഭിജിത്തിന് പരിക്കേറ്റത്. കൊടി കെട്ടിയ വടി കൊണ്ടുള്ള അടിയേറ്റാണ് തലക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ വണ്ടൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിജിത്തിന്‍റെ തലയ്ക്കു സാരമായി മുറിവേറ്റിട്ടുണ്ട്.

മഞ്ചേരിയില്‍ കൊട്ടിക്കലാശം സംബന്ധിച്ച്‌ നേരത്തെ പോലീസ്, നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും പാലിക്കപ്പെട്ടില്ല. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കായി കോഴിക്കോട് റോഡും എല്‍ഡിഎഫിനായി പാണ്ടിക്കാട് റോഡുമാണ് അനുവദിച്ചിരുന്നത്. ആവേശം മൂത്തതോടെ ഇടത്, വലതു പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ നേര്‍ക്കുനേര്‍ മത്സരിച്ച്‌ മുദ്രാവാക്യങ്ങള്‍ വിളിച്ചു. പോലീസ് നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പ്പറന്നു. ഇരുവിഭാഗം പ്രവര്‍ത്തകരെയും നിയന്ത്രിക്കാന്‍ പോലീസ് ശരിക്കും വിയര്‍ത്തു.

വൈകിട്ട് നാലരയോടെയാണ് ഇരുമുന്നണികളുടെയും പ്രവര്‍ത്തകര്‍ നഗരത്തിലെത്തിയത്. സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നു നൂറു മീറ്റര്‍ മാറി പോലീസ് ഇരുമുന്നണികളുടെയും പ്രവര്‍ത്തകരെ തടഞ്ഞു. എന്നാല്‍ പോലീസ് വലയം ഭേദിച്ച്‌ ഒരു വിഭാഗം ആദ്യം സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തിയതോടെ മറു വിഭാഗം പ്രവര്‍ത്തകരും പോലീസിനെ മറികടന്ന് നഗരഹൃദയ ഭാഗത്തെത്തി. പോലീസ് നടുവില്‍ നിന്ന് പ്രവര്‍ത്തകരെ നിയന്ത്രിച്ചു.

കൊടി വീശിയും പാട്ടിനു താളംപിടിച്ചും പ്രവര്‍ത്തകര്‍ കൊട്ടിക്കയറി. ഇതിനിടെ പലതവണ പോലീസുമായി കൈയാങ്കളിയും നടന്നു. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. അഞ്ചിന് ആരംഭിച്ച കൊട്ടിക്കലാശം ഒരു മണിക്കൂറിന് ശേഷം കൃത്യം ആറിന് നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടു. പിന്നീട് പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ തിരിച്ചയച്ചു.

പാര്‍ട്ടി ചിഹ്നങ്ങളും പതാകയുമേന്തിയ പ്രവര്‍ത്തകര്‍ അലങ്കരിച്ച വാഹനങ്ങളിലായി നിരത്തിലിറങ്ങിയതോടെ പ്രചാരണം അക്ഷരാര്‍ഥത്തില്‍ കൊട്ടിക്കയറുകയായിരുന്നു. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളും അവരുടെ അണികളും ഒരേ സ്ഥലത്ത് സംഗമിച്ച്‌ കൊണ്ടുള്ള കൊട്ടിക്കലാശം ശബ്ദമുഖരിതമായി. മലപ്പുറം കുന്നുമ്മല്‍ ടൗണിലാണ് മൂന്നു മുന്നണികളും ഒത്തുചേര്‍ന്നത്. ചെണ്ടമേളവും ബാന്‍ഡ് മേളവും ഓട്ടന്‍തുള്ളലും കലാശക്കൊട്ടിന്റെ മാറ്റുകൂട്ടി.

ഇത്തവണ മലപ്പുറം മണ്ഡലത്തില്‍ പുതുചരിത്രമെഴുതുമെന്ന അവകാശ വാദവുമായി ഇടതുമുന്നണി കളം നിറഞ്ഞ് പോരാട്ടം കെങ്കേമമാക്കിയപ്പോള്‍ മണ്ഡലം നിലനിര്‍ത്തുമെന്നു പ്രഖ്യാപിക്കുന്ന രീതിയിലുള്ള പാരഡി ഗാനങ്ങളുമായി യുഡിഎഫും രംഗത്തു നിറഞ്ഞുനിന്നു. മോദിയുടെ വികസന നേട്ടങ്ങളെണ്ണി പറഞ്ഞ് ജയം ഉറപ്പെന്ന് പറഞ്ഞു എന്‍ഡിഎയും ആവേശമായെത്തിയതോടെ അണികളില്‍ ആവേശം മൂത്തു.

എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ കൊടികളാല്‍ ജില്ലയിലെ നഗരങ്ങള്‍ വ്യത്യസ്ഥ നിറമണിയുകയായിരുന്നു ഇന്നലെ. ചുവപ്പു നിറത്തിലും നീല നിറത്തിലുമുള്ള വര്‍ണ്ണക്കടലാസുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടയ്ക്കിടെ വര്‍ഷിച്ച്‌ കൊണ്ടിരുന്നതു നയമനോഹരമായി. എന്‍ഡിഎയുടെ ഓറഞ്ച് ബലൂണുകള്‍ വാനിലുയര്‍ന്നു പൊങ്ങി.

Comments are closed.