കരിപ്പൂരില്‍ ഇന്ന് പൊലീസ് പൊളിച്ചത് വൻ പദ്ധതി; സ്വര്‍ണം കൊണ്ടുവന്നയാള്‍ തന്നെ അത് മോഷ്ടിക്കാനും ആളെ ഏര്‍പ്പാടാക്കി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ വിദേശത്തുനിന്നും 56 ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയ യാത്രക്കാരനും കടത്തു സ്വർണ്ണം കവർച്ച ചെയ്യാനെത്തിയ ആറംഗ സംഘവും പിടിയില്‍.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ ഓപ്പറേഷനിലാണ് കവർച്ചാ സംഘം പിടിയിലായത്. സ്വർണം കൊണ്ടുവന്ന കുറ്റ്യാടി സ്വദേശിയുടെ അറിവോടെയാണ് സംഘം കവർച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

കരിപ്പൂർ വിമാനത്താവളത്തില്‍ വിദേശത്ത് നിന്നും എത്തുന്ന കടത്തു സ്വർണ്ണം കവർച്ച ചെയ്യാനായി ആറംഗ സംഘം എത്തിയിട്ടുണ്ടെന്ന് മലപ്പുറം എസ്.പി എസ് ശശിധരനാണ് വിവരം ലഭിച്ചത്. പിന്നാലെ പോലീസ് രഹസ്യ ഓപ്പറേഷൻ തുടങ്ങി. വിമാനത്താവളത്തിലെ അറൈവല്‍ ഗേറ്റില്‍ വെച്ച്‌ പാനൂർ സ്വദേശി നിധിൻ, അഖിലേഷ്, മുജീബ് എന്നിവർ പിടിയിലായി. ഖത്തറില്‍ നിന്നെത്തുന്ന യാത്രക്കാരനില്‍ നിന്നും സ്വർണം കവരാനാണ് കാത്തു നിന്നതെന്നു ഇവർ പോലീസിനോട് വെളിപ്പെടുത്തി. വിമാനത്താവളത്തിന് പുറത്ത് മൂന്നംഗ സംഘം കൂടി ഉണ്ടെന്നും ഇവർ പോലീസിനോട് പറഞ്ഞു. പിന്നാലെ ഖത്തറില്‍ നിന്നും എത്തി കസ്റ്റംസ് പരിശോധന അതിജീവിച്ച്‌ പുറത്തിറങ്ങിയ കുറ്റ്യാടി സ്വദേശി ലബീബ് സ്വര്‍ണ്ണവുമായി പോലീസ് പിടിയിലായി. ക്യാപ്‍സ്യൂള്‍ രൂപത്തില്‍ കടത്തിയ സ്വര്‍ണ്ണം ഇയാളില്‍ നിന്നും പോലീസ് കണ്ടെത്തി.

ലബീബ് പോലീസിന്റെ പിടിയിലായെന്ന വിവരം അറിഞ്ഞ് വിമാനത്താവളത്തിന് പുറത്തു കാത്തുനിന്ന മൂന്നംഗ സംഘം കാറില്‍ സ്ഥലം വിട്ടു. കാറിനെ പിന്തുടർന്ന പോലീസ് ചൊക്ലിയില്‍ വെച്ച്‌ ഇവരെ പിടികൂടി. പാനൂർ സ്വദേശി അജ്മല്‍, മുനീർ, നജീബ് എന്നിവരാണ് പിടിയിലായത്. കുറ്റ്യാടി സ്വദേശി ഫസല്‍ ആണ് സ്വർണ്ണവുമായി എത്തുന്ന ആളുടെ വിവരം സംഘത്തിന് കൈമാറിയത്. ഫസലിനായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കടത്തു സ്വർണ്ണം കവർച്ച ചെയ്ത ശേഷം പങ്കിട്ടെടുക്കാൻ ആയിരുന്നു ഇവരുടെ പദ്ധതി. സ്വർണ്ണവുമായി എത്തിയ ലബീബിന്റെ അറിവോടെയാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് സംഘം പോലീസിനോട് പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള വിശദ റിപ്പോർട്ട്‌ പോലീസ് പ്രിവൻറ്റീവ് കസ്റ്റംസിന് കൈമാറി.

Comments are closed.