സംസ്ഥാനത്ത് കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായിക മന്ത്രി വി.അബ്ദുറഹിമാന്റെ നിർദ്ദേശപ്രകാരമാണിത്. കായിക പരിശീലനം, വിവിധ സെലക്ഷൻ ട്രയല്‍സ് എന്നിവയ്‌ക്കും നിയന്ത്രണം ബാധകമാണ്.

കടുത്ത ചൂട് തുടരുന്നത് വരെ നിയന്ത്രണം നിലനില്‍ക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ നേരിടാൻ കായിക താരങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാമെന്നും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്‌ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Comments are closed.