ചുട്ടുപൊള്ളുന്നു,രാജ്യത്ത് ഉഷ്ണതരംഗം അനുഭവപ്പെട്ട സംസ്ഥാനങ്ങളില്‍ കേരളവും…കേരളത്തില്‍ ഉഷ്ണതരംഗം അഞ്ചുദിവസം…. ഉത്തര്‍പ്രദേശില്‍ 18 ദിവസവും പശ്ചിമബംഗാളില്‍ 16 ദിവസവുമാണ് ഉഷ്ണതരംഗം അനുഭവപ്പെട്ടത്

രാജ്യത്ത് ഉഷ്ണതരംഗം അനുഭവപ്പെട്ട സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെട്ടു. അഞ്ചുദിവസമാണ് കേരളത്തില്‍ ഉഷ്ണതരംഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശില്‍ 18 ദിവസവും പശ്ചിമബംഗാളില്‍ 16 ദിവസവുമാണ് ഉഷ്ണതരംഗം അനുഭവപ്പെട്ടത്.

മേയ്‌ മാസത്തില്‍ പൊതുവെ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കുറവ് മഴ ലഭിക്കാനും ഉയർന്ന താപനില സാധാരണയേക്കാള്‍ കൂടാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. വേനല്‍ മഴ രണ്ടു മാസം പിന്നിടുമ്ബോള്‍ സമീപകാലത്ത് ഏറ്റവും കുറവ് വേനല്‍ മഴ ലഭിച്ച റെക്കോർഡ് 2024 നാണ്. ശക്തമായ എല്‍ നിനോ വർഷമായിരുന്ന 2016 ല്‍ സംസ്ഥാനത്ത് മാർച്ച്‌-ഏപ്രില്‍ മാസത്തില്‍ 55.8 മില്ലിമീറ്റർ മഴ ലഭിച്ചപ്പോള്‍ ഇത്തവണ ലഭിച്ചത് 52.6 മില്ലിമീറ്റർ മാത്രമാണ്.

വെള്ളംകുടിച്ച്‌ ദാഹമകറ്റുന്ന യുവാവ്, ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങള്‍ മാപ്പില്‍

2008 ല്‍ ആദ്യ രണ്ടു മാസം 328 മില്ലിമീറ്റർ ലഭിച്ചപ്പോള്‍ 2015 (264 മില്ലിമീറ്റർ), 2022 (243മില്ലിമീറ്റർ) മഴ ലഭിച്ചിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ചു ജില്ലകളിലും സമാന സ്ഥിതിവിശേഷമാണ്. വടക്കൻ ജില്ലകളില്‍ സാധാരണ ലഭിക്കേണ്ട മഴയുടെ 10% പോലും ലഭിച്ചില്ല. ശരാശരി 6 മില്ലിമീറ്റർ താഴെ മാത്രമാണ് കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കഴിഞ്ഞ 61 ദിവസത്തിനിടയില്‍ ലഭിച്ച മഴ.

കൊടുംചൂടേറ്റ് സംസ്ഥാനത്തു 2 മരണം കൂടി; കൂടുതല്‍ സുരക്ഷാ നടപടികളുമായി സർക്കാർ. ഈ മാസം 6 വരെ സംസ്ഥാനത്തെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. പരീക്ഷകള്‍ക്കു മാറ്റമില്ല.

ഓണ്‍ലൈനായി ചേർന്ന യോഗത്തില്‍ മന്ത്രിമാർ, ചീഫ് സെക്രട്ടറി ഡോ.വി.വേണു അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ, ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

നിർദേശങ്ങള്‍:

∙ സ്കൂള്‍ വിദ്യാർഥികള്‍ക്ക് അവധിക്കാല ക്ലാസുകള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ പാടില്ല.

∙ പൊലീസ്, അഗ്നിരക്ഷാസേന, മറ്റു സേനാവിഭാഗങ്ങള്‍, എൻസിസി, എസ്പിസി തുടങ്ങിയവയുടെ പകല്‍ സമയത്തെ പരേഡും ഡ്രില്ലും ഒഴിവാക്കണം.

∙ ആസ്ബസ്റ്റോസ്, ടിൻ ഷീറ്റുകള്‍ മേല്‍ക്കൂരയായുള്ള തൊഴിലിടങ്ങള്‍ പകല്‍ സമയം അടച്ചിടണം. ഇത്തരം വീടുകളില്‍ താമസിക്കുന്ന അതിഥിത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാംപുകളിലേക്കു മാറ്റണം.

∙ കലാ-കായിക പരിപാടികള്‍ പകല്‍ 11- 3 വരെ നടത്തരുത്.

∙ ഉച്ചവെയിലില്‍ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം.

∙ ലയങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ശുദ്ധജലം ഉറപ്പാക്കണം.

∙ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളില്‍ ഫയർ ഓഡിറ്റ് നടത്തി മുൻകരുതല്‍ എടുക്കണം.

4 ജില്ലകളില്‍ യെലോ അലർട്ട്

സംസ്ഥാനത്തു പലയിടങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും പകല്‍ ചൂടിനു കുറവില്ല. ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഈ ജില്ലകളില്‍ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.

2 തൊഴിലാളികള്‍ പൊള്ളി മരിച്ചു

കല്‍പ്പണിക്കാരനായ മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി പാലേംപടിയൻ മുഹമ്മദ് ഹനീഫ (62), പെയ്ന്റിങ് ജോലിക്കാരൻ കോഴിക്കോട് ചക്കുംകടവ് പൈങ്ങായിപറമ്ബില്‍ താമസിക്കുന്ന കണിയേരി വീട്ടില്‍ വിജേഷ് (41) എന്നിവരാണു സൂര്യാഘാതമേറ്റു മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്കു മലപ്പുറം താമരക്കുഴില്‍ വീടു പണി കഴിഞ്ഞു മടങ്ങാനിരിക്കെ ഹനീഫ കുഴഞ്ഞു വീണു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്.

പുലർച്ചെ 6 മുതല്‍ കല്‍പ്പണിയില്‍ ഏർപ്പെട്ടിരുന്ന ഹനീഫയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ ശരീരോഷ്മാവ് 106 ഡിഗ്രി ആയിരുന്നെന്ന് ഡിഎംഒ ഓഫിസ് അറിയിച്ചു.

പെയ്ന്റിങ് പണിക്കിടെ ഏപ്രില്‍ 30 ന് സൂര്യാഘാതമേറ്റു കുഴഞ്ഞുവീണ വിജേഷ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ മരിച്ചു.

സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരും വർഷങ്ങളിലെ വേനല്‍ക്കാലങ്ങളിലും ആവർത്തിക്കാൻ സാധ്യതയെന്ന മുന്നറിയിപ്പു നല്‍കി പുതിയ പഠനം. അറബിക്കടല്‍ ഉള്‍പ്പെടെ ഇന്ത്യൻ മഹാസമുദ്രം തിളച്ചു മറിയുന്ന പ്രവണതയ്ക്കു തുടക്കമിട്ടതാണ് കേരളത്തിലും മറ്റും ചൂട് വർധിപ്പിക്കുന്നതെന്നു വ്യക്തമായ സാഹചര്യത്തില്‍ കേരളം ജാഗ്രതയോടെ കാണേണ്ട പഠനം പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിരിയോളജിയാണു പുറത്തുവിട്ടത്.

ചൂട് ഓരോ വർഷവും കൂടി വരുന്നതിനാല്‍ കടല്‍ ഇനി തണുക്കാനുള്ള സാധ്യത കുറവാണെന്ന നിരീക്ഷണമാണ് ഉഷ്ണതരംഗത്തിനിടെ മറ്റൊരു ആശങ്കയായി പടരുന്നത്. കടല്‍ തിളച്ചു മറിയുന്ന ദിവസങ്ങളുടെ എണ്ണം 12 മടങ്ങു വരെ വർധിച്ച്‌ 220 മുതല്‍ 250 വരെ ദിവസങ്ങള്‍ എന്ന സ്ഥിതി സംജാതമാകും. വർഷത്തില്‍ 20 ദിവസം മാത്രമാണ് നിലവില്‍ കടല്‍ത്താപനില പരിധിവിട്ട് ഉയരുന്നത്. എന്നാല്‍ കരയില്‍ നിന്നുയരുന്ന താപമത്രയും ഏറ്റുവാങ്ങുന്നതു കടലായതിനാല്‍ സ്ഥിതിഗതികള്‍ മാറി മറിയും.

അറബിക്കടലിന്റെ ഇപ്പോഴത്തെ താപനില 28 ഡിഗ്രിക്ക് താഴെയാണ്. എന്നാല്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് 30.7 ഡിഗ്രി വരെയായി ഉയരാം. സമുദ്രതാപം 28 ഡിഗ്രിക്ക് മുകളിലേക്ക് പോയാല്‍ ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വർധിക്കും. പ്രളയസാധ്യതയും തള്ളിക്കളയാനാവില്ല. 2017 നവംബറില്‍ കേരള തീരത്തുകൂടി കടന്നുപോയ ഓഖി ചുഴലിക്കാറ്റ് ഈ പ്രവണതയ്ക്കു തുടക്കമിട്ടു. ചൂടു കൂടുന്നതോടെ കടല്‍ തിളച്ചുതൂവുന്ന കള്ളക്കടല്‍ പ്രതിഭാസം കേരളം ഉള്‍പ്പെടെ പല തീരപ്രദേശങ്ങളിലും കാണാം. കടല്‍ കയറി വരുന്നതോടെ തീരത്തിന്റെ ചിത്രം തന്നെ മാറ്റിവരയ്ക്കേണ്ട സ്ഥിതിയാകും.

ഓരോ സെക്കൻഡിലും ഒരു അണുബോംബ് പൊട്ടുന്നത്ര തീവ്രമാണ് ചൂടില്‍ നിന്നുണ്ടാകുന്ന താപോർജമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിരിയോളജിയിലെ ഡോ. റോക്സി മാത്യു കോള്‍ പറയുന്നു. ചൂടു വലിച്ചെടുത്ത് കടല്‍ പൊട്ടിത്തെറിയുടെ വക്കിലാണ്. തീവ്ര ന്യൂനമർദം രൂപപ്പെട്ടാല്‍ ഏതാനും മണിക്കൂറിനുള്ളില്‍ അത് അതിശക്ത ചുഴലിക്കാറ്റായി മാറാൻ തക്കവിധത്തില്‍ കടല്‍ ചൂടായി കിടക്കുന്നു.

കയ്പമംഗലം വഞ്ചിപ്പുര കടല്‍തീരത്ത് കരയിലേക്കു കയറ്റിയിട്ട വള്ളങ്ങള്‍

പവിഴപ്പുറ്റുകളും മറ്റും ചീഞ്ഞ് നിറം മാറുന്ന പ്രവണത ഇപ്പോള്‍ തന്നെ കാണാം. ഇതു മത്സ്യസമ്ബത്തിനെ സാരമായി ബാധിക്കും. ചൂട് ഏറുന്നതോടെ മത്സ്യങ്ങള്‍ ആഴത്തിലേക്കു പോകും. കടല്‍ ജലത്തിന്റെ പിഎച്ച്‌ മൂല്യം കുറയുന്നതുമൂലം അമ്ലത്വം വർധിക്കും. ഇതും കടലിന്റെ ആവാസ വ്യവസ്ഥയെയും ഓക്സിജൻ ഉല്‍പ്പാദനത്തെയും ബാധിക്കും. കടലില്‍ മത്സ്യവളർച്ചയെ സഹായിക്കുന്ന ഹരിത- പ്ലവകങ്ങള്‍ ഏറ്റവും കുറയുന്നത് അറബിക്കടലിലായിരിക്കും.

എടവനക്കാട് അണിയില്‍ തീരത്ത് യന്ത്ര സഹായത്തോടെ മണല്‍ നീക്കം ചെയ്യുന്നു.

കാലാവസ്ഥാ മാറ്റവും ആഗോള താപനവും നമ്മുടെ കണ്‍മുമ്ബില്‍ ഇപ്പോള്‍തന്നെ സംഭവിച്ചു തുടങ്ങിയിരിക്കുന്നു എന്നതാണ് ഈ പഠനത്തിന്റെ പ്രസക്തി എന്നും റോക്സി പറഞ്ഞു. ജെ.എസ്. ശരണ്യ, അതിഥി മോദി, അനുശ്രീ അശോക് എന്നിവരും മറ്റ് ആഗോള തലത്തിലെ ചില ഗവേഷകരും ചേർന്ന് തയാറാക്കിയ പഠനം എല്‍സെവിയർ എന്ന ശാസ്ത്ര മാസികയാണു പ്രസിദ്ധീകരിച്ചത്.

Comments are closed.