നീറ്റ് പരീക്ഷ ഇന്ന്; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് മഅദിന്‍

മലപ്പുറം: ഇന്നു നടക്കുന്ന നീറ്റ് പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം മേല്‍മുറി മഅദിന്‍ അക്കാഡമിയില്‍.മഅദിന്‍ പബ്ലിക് സ്കൂളില്‍ 1152 വിദ്യാര്‍ഥികളും മഅദിന്‍ പോളിടെക്നിക് കോളജില്‍ 480 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതുന്നത്.

പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മികച്ച സൗകര്യങ്ങളാണ് മഅദിന്‍ കാമ്ബസില്‍ ഒരുക്കിയിട്ടുള്ളതെന്നു മഅദിന്‍ പബ്ലിക് സ്കൂള്‍ എക്സാം സെന്‍റര്‍ സൂപ്രണ്ട് സൈതലവിക്കോയ കൊണ്ടോട്ടി അറിയിച്ചു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സൗകര്യത്തിനായി തണ്ണീര്‍പന്തല്‍ സജ്ജീകരിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന വേളയില്‍ രക്ഷിതാക്കള്‍ക്കായി കുട്ടികളുടെ തുടര്‍ പഠനാവസരങ്ങളും വിദ്യാഭ്യാസ ഭാവിയും ചര്‍ച്ച ചെയ്യുന്ന പാരന്‍റിംഗ് ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കും. പ്രശസ്ത ട്രെയിനറും മഅദിന്‍ അക്കാഡമിക് ഡയറക്ടറുമായ നൗഫല്‍ കോഡൂര്‍ ക്ലാസിന് നേതൃത്വം നല്‍കും. ഉപരിപഠന സംബന്ധമായ രക്ഷിതാക്കളുടെ സംശയ നിവാരണത്തിനും അവസരമൊരുക്കും.

കഠിനമായ ചൂടില്‍ ആശ്വാസം പകരുന്നതിനായി മഅദിന്‍ കാമ്ബസില്‍ പലയിടങ്ങളിലായി കുടിവെള്ള കിയോസ്കുകളും പ്രാഥമിക കൃത്യങ്ങള്‍ക്കായി ശുചിമുറി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പരീക്ഷ കഴിയുന്നത് കാത്ത് പരീക്ഷാ ഹാളിനു പുറത്തു നില്‍ക്കുന്ന രക്ഷിതാക്കള്‍ക്ക് വിശ്രമിക്കാന്‍ മഅദിന്‍ ഓഡിറ്റോറിയത്തില്‍ എസി സംവിധാനത്തോടെയുള്ള വിപുലമായ ഇരിപ്പിട സൗകര്യങ്ങളും തയാറാക്കിയിട്ടുണ്ട്.

നീറ്റ് പ്രവേശന പരീക്ഷ: ജില്ലയില്‍ 32 കേന്ദ്രങ്ങള്‍

പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയില്‍ 32 കേന്ദ്രങ്ങളിലായി നീറ്റ് പ്രവേശന പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരീക്ഷയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ പരീക്ഷാകേന്ദ്ര മേധാവികളുടെ യോഗം ശ്രീവള്ളുവനാട് വിദ്യാഭവനില്‍ നടന്നു.

വിദ്യാര്‍ഥികള്‍ അവര്‍ക്ക് അനുവദിച്ച സമയത്ത് തന്നെ സെന്‍ററുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പരീക്ഷാര്‍ഥികള്‍ക്ക് മാത്രമേ സെന്‍ററുകളില്‍ പ്രവേശനം അനുവദിക്കൂവെന്നും 1.30 നു ശേഷം ഒരു കാരണവശാലും സെന്‍ററില്‍ പ്രവേശിപ്പിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) കോഓര്‍ഡിനേറ്റര്‍മാരായ കെ. ഉണ്ണികൃഷ്ണന്‍, ജോജി പോള്‍, സിബിഎസ്‌ഇ സിറ്റി കോഓര്‍ഡിനേറ്റര്‍ പി. ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Comments are closed.