പ്ലസ്ടു: സര്‍ക്കാര്‍ വിദ്യാലങ്ങളുടെ 100 ശതമാന നഷ്ടം; ഇഷ്ട കോഴ്സുകളുടെ നഷ്ടവും അധ്യാപക സ്ഥലംമാറ്റവും തിരിച്ചടിയായെന്ന്
മലപ്പുറം: ജില്ലയില്‍ ഹയർ സെക്കൻഡറി സർക്കാർ വിദ്യാലയങ്ങള്‍ക്ക് 100 ശതമാനം നഷ്ടപെടാൻ കാരണങ്ങളില്‍ വിദ്യാർഥികളുടെ ഇഷ്ട കോഴ്സുകള്‍ തെരഞ്ഞെടുക്കാൻ അവസരം നഷ്ടപ്പെടുത്തുന്നതും അധ്യാപകരുടെ സ്ഥലം മാറ്റ നടപടികളെന്നും ആരോപണം.അധ്യാപക സംഘടനകളാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്. കുട്ടികള്‍ ഇഷ്ടപെടുന്ന കോഴ്സുകള്‍ക്ക് അവസരം ലഭിക്കാതിരിക്കുകയും അവസാന ഘട്ടത്തില്‍ ഏതെങ്കിലുമൊരു കോഴ്സ് തെരഞ്ഞെടുക്കേണ്ടി വരികയും ചെയ്യുന്നതോടെ പഠന നിലവാരത്തെയും മാനസിക നിലയെയും വിഷയം ബാധിക്കുന്നുണ്ടെന്ന് അധ്യാപകർ പറയുന്നു. ഏറ്റവും അനുയോജിച്ച കോഴ്സുകള്‍ക്കാണ് ഓരോ കുട്ടിയും അപേക്ഷ നല്‍കുന്നത്.
അലോട്ട്മെന്റില്‍ ഇഷ്ട കോഴ്സ് ലഭിക്കാതെ കിട്ടുന്ന കോഴ്സിന് ചേരേണ്ടി വരുന്നതോടെ പഠന നിലവാരം താഴേക്ക് വരികയും ഇത് പരീക്ഷ ഫലത്തെ കാര്യമായി ബാധിക്കുകയും ചെയ്യുന്നുണ്ടെന്നാണ് അധ്യാപകരുടെ പക്ഷം.
കൂടാതെ വേഗത്തിലുള്ള അന്തർ ജില്ല അധ്യാപക സ്ഥലം മാറ്റങ്ങളും സർക്കാർ വിദ്യാലയങ്ങളെ കുഴക്കുന്നുണ്ട്. ഇടക്കിടെ നടക്കുന്ന സ്ഥലംമാറ്റം വിദ്യാർഥികള്‍ക്കും അധ്യാപകർക്കും മാനസിക പ്രയാസങ്ങള്‍ക്കും വഴിവെക്കുന്നുണ്ടെന്നാണ് അധ്യാപകരുടെ കണ്ടെത്തല്‍. ഹയർ സെക്കൻഡറി അധ്യാപക സ്ഥലം മാറ്റം പരീക്ഷ ഫലങ്ങളെ ബാധിക്കുന്നുണ്ടെന്ന് ഹയർസെക്കൻഡറി അധികൃതരും സമ്മതിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇത്തവണ ആകെ 63 വിദ്യാലയങ്ങള്‍ക്കാണ് 100 ശതമാനം വിജയം നേടിയത്. ഇതില്‍ ഏഴ് സർക്കാർ വിദ്യാലയങ്ങള്‍ക്ക് മാത്രമാണ് നൂറുശതമാനം ലഭിച്ചത്. അണ്‍ എയ്ഡഡ് തലങ്ങളിലായിരുന്നു കൂടുതല്‍ കിട്ടിയത്. 27 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് 100 ശതമാനം നേടാനായി. മലപ്പുറത്ത് 100 ശതമാനം വിദ്യാലയങ്ങളുടെ പട്ടികയില്‍ ഒരു സർക്കാർ വിദ്യാലയം പോലും ഇടംപിടിച്ചില്ല.
ആകെ ലഭിച്ച ഒമ്ബതില്‍ എയ്ഡഡില്‍ മൂന്ന്, അണ്‍ എയ്ഡഡില്‍ നാല്, സ്പെഷല്‍ സ്കൂള്‍ വിഭാഗത്തില്‍ രണ്ടുമാണ് 100 ശതമാനത്തിന് അർഹത നേടിയത്. സർക്കാർ മേഖലയില്‍ കൂടുതല്‍ ബാച്ചുകള്‍ പ്രവർത്തിക്കുന്നതും ഒരു ബാച്ചില്‍ തന്നെ പരിധിയില്‍ കവിഞ്ഞ് കുട്ടികളെ പഠിപ്പിക്കുന്നതും ഫലത്തെ ബാധിക്കുന്നുണ്ടെന്നും ഒരു വിഭാഗം അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു. ബാച്ചില്‍ വിദ്യാർഥികളുടെ എണ്ണം കുറക്കുന്നത് നിലവാരം ഉയർത്താൻ സാധിക്കുമെന്നും അധ്യാപകർ പറയുന്നു.
പ്ലസ് വണ്‍: സീറ്റുകളുടെ കാര്യം ഇപ്പോഴും തുലാസില്‍
സ്ഥിരം ബാച്ചുകള്‍ ചോദ്യ ചിഹ്നം
മലപ്പുറം: മേയ് 16ന് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമർപ്പണം തുടങ്ങുമ്ബോഴും മുഴുവൻ കുട്ടികള്‍ക്കും സീറ്റുകള്‍ ഇപ്പോഴും അപര്യാപ്തം. ജയിച്ച എല്ലാവർക്കും ഇത്തവണയും സീറ്റിന്റെ കാര്യത്തില്‍ ഉറപ്പില്ല. താല്‍ക്കാലിക സീറ്റ് വർധനവ് കൊണ്ടും ജില്ലയിലെ സീറ്റ് പ്രശ്നത്തിന് പരിഹാരമാകില്ല. സര്‍ക്കാര്‍, എയ്ഡഡ്, വി.എച്ച്.എസ്.ഇ. എന്നിവിടങ്ങളിലായി 55,390 സീറ്റുകളാണ് ജില്ലയില്‍. 79,730 കുട്ടികള്‍ വിജയിച്ച ജില്ലയിലെ 24,340 കുട്ടികള്‍ക്ക് സീറ്റ് ലഭിക്കില്ല. ഐ.ടി.ഐ., പോളിടെക്‌നിക് എന്നിവടങ്ങളിലെ എല്ലാ സീറ്റുകളും പരിശോധിച്ചാല്‍ 57,874 സീറ്റുകളുണ്ട്. അണ്‍ എയ്ഡഡിലെ 11,275 സീറ്റുകള്‍ കൂടി ഉള്‍പ്പെടുമ്ബോള്‍ 69,149 പേര്‍ക്ക് പഠിക്കാം. അപ്പോള്‍ 10,581 പേര്‍ക്ക് ഇടമില്ലെന്നു സാരം.
ഇതര സിലബസുകളില്‍ പത്താം ക്ലാസ് എഴുതിയവര്‍, വിദേശത്ത് എഴുതിയവര്‍ തുടങ്ങിയവര്‍ വരുമ്ബോള്‍ എണ്ണം കൂടും. സേ പരീക്ഷ കഴിഞ്ഞാലും പട്ടികയില്‍ മാറ്റമുണ്ടാകും. സ്ഥിരം ബാച്ചുകള്‍ വേണമെന്ന ജില്ലയുടെ ആവശ്യം ഇത്തവണയും പരിഗണിക്കപ്പെടാത്തത് നിരാശയാണ്. ഉപരിപഠന യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ക്ക് അനുസൃതമായി ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അധിക ബാച്ചുകള്‍ അനുവദിക്കണമെന്നതു കാലങ്ങളായുള്ള ആവശ്യമാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റുകളാണു വര്‍ധിപ്പിക്കുന്നത്.
കഴിഞ്ഞ തവണയും ഇതേ സീറ്റുകളാണു വര്‍ധിപ്പിച്ചത്. നിലവില്‍ ഒരു ബാച്ചില്‍ 50 കുട്ടികളാണു പഠിക്കുന്നത്. ഇതു സര്‍ക്കാര്‍ സ്‌കൂളുകളില്‍ 65 ഉം എയ്ഡഡ് സ്‌കൂളുകളില്‍ 60 ഉം കുട്ടികളായി ഉയരും. ഇപ്പോള്‍ തന്നെ ക്ലാസ് മുറികളില്‍ തിങ്ങിനിറഞ്ഞ് ഇരുന്നാണ് പഠനം. ഇതു കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയാണെന്ന് പരാതിയുണ്ട്.
Comments are closed.