കാല്‍നൂറ്റാണ്ട് നിറവില്‍ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം; കലാപഠനം ഏകീകൃത സ്വഭാവത്തോടെ വ്യാപിപ്പിക്കാനൊരുങ്ങി മാപ്പിളകല അക്കാദമി
കൊണ്ടോട്ടി: മാപ്പിള കലോപാസനയില്‍ കാല്‍ നൂറ്റാണ്ടിന്റെ നിറവുമായി കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം കര്‍മ സപര്യ തുടരുന്നു.മാപ്പിളപ്പാട്ട് സാഹിത്യശാഖക്ക് വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം ജന്മനാടായ കൊണ്ടോട്ടിയില്‍ യാഥാര്‍ഥ്യമായത് 1999 ജൂണ്‍ 13നാണ്. നീണ്ട 25 വര്‍ഷത്തെ പ്രവര്‍ത്തങ്ങള്‍ക്കിടെ മാപ്പിളകല അക്കാദമിയായി വളര്‍ന്ന കലാകേന്ദ്രത്തില്‍നിന്ന് തനത് രീതിയിലുള്ള മാപ്പിള കലകളുടെ പഠനം ഏകീകൃത സ്വഭാവത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കളമൊരുങ്ങുകയാണ്.
മഹാകവിയുടെ സ്മാരകത്തിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി മാപ്പിളപ്പാട്ട്, ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, അറബനമുട്ട് എന്നിവ ശാസ്ത്രീയമായി തയാറാക്കിയ പാഠ്യപദ്ധതിയനുസരിച്ച് അക്കാദമിയുമായി വിവിധ സ്ഥലങ്ങളില്‍ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങള്‍ വഴി പഠിപ്പിക്കും. ഇതിനായി മാപ്പിളപ്പാട്ടിന് രണ്ട് വര്‍ഷത്തേയും മറ്റു കലകള്‍ക്ക് ഒരു വര്‍ഷത്തേയും ഡിപ്ലോമ കോഴ്‌സുകളാണ് തയാറാക്കിയിരിക്കുന്നത്. ജില്ലക്കകത്തും പുറത്തുമായി ഏഴ് സ്ഥാപനങ്ങള്‍ ഇതിനകം മാപ്പിളകലാ അക്കാദമിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ സ്ഥാപനങ്ങള്‍ കോഴ്‌സുകള്‍ പരിശീലിപ്പിക്കാന്‍ താല്‍പര്യമറിയിച്ച് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അക്കാദമി അധികൃതര്‍ അറിയിച്ചു.
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ക്ക് കൊണ്ടോട്ടിയില്‍ സ്മാരകമാരുക്കാനായി കലാ-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 1972 മുതല്‍തന്നെ കമ്മിറ്റി രൂപവത്കരിച്ച് ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൊണ്ടോട്ടി 17-ാം മൈലില്‍ 1994ല്‍ സര്‍ക്കാര്‍ സ്ഥലം ലഭ്യമാക്കുകയും ഡിസംബര്‍ 24ന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ കെട്ടിടത്തിന് ശിലപാകുകയും ചെയ്തു. സാംസ്‌കാരിക തനിമയോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം 1999ല്‍ മുഖ്യമന്ത്രിയായ ഇ.കെ. നായനാര്‍ നാടിന് സമര്‍പ്പിച്ചതോടെ മാപ്പിളകലകളുടെ പഠനത്തിനും പ്രചാരണത്തിനുമായി വലിയൊരു അരങ്ങാണ് യാഥാര്‍ഥ്യമായത്.
Comments are closed.