സുഖകരമായ ആർത്തവ ദിനങ്ങൾക്കായി ശീലമാക്കാം ഇക്കാര്യങ്ങൾ

ആർത്തവം എന്നത് സ്വാഭാവികമായ ഒരു പ്രക്രിയ ആണ്. അസൗകര്യമായി കണക്കാക്കാമെങ്കിലും ആരോഗ്യത്തിനും സൗഖ്യത്തിനും ആർത്തവശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്.

കേവലം പാഡ് മാറ്റുന്നതോ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ മാറ്റുന്നതോ അല്ല ആർത്തവശുചിത്വം. വൃത്തിയുള്ളതും സുഖകരവും ആയ ആർത്തവദിനങ്ങൾ ഉറപ്പു വരുത്തുക എന്നതാണിത്. ശരിയായ മാർഗങ്ങളിലൂടെ അണുബാധയും മറ്റ് സങ്കീർണതകളും തടയുക എന്നത് പ്രധാനമാണ്. ആത്മവിശ്വാസം വർധിപ്പിക്കാനും ആരോഗ്യകരവും സ്ട്രെസ് ഫ്രീ ആയതുമായ ആർത്തവദിനങ്ങൾ ഉറപ്പുവരുത്താനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം.

∙ ശരിയായ ആർത്തവ ഉൽപന്നം ഉപയോഗിക്കാം
ധാരാളം ഓപ്ഷനുകൾ മുന്നിൽ ഉള്ളപ്പോൾ ശരിയായ ആർത്തവ ഉൽപന്നം കണ്ടെത്തുക എന്നത് പ്രധാനമാണ്. അത് പാഡ് ആയിക്കൊള്ളട്ടെ, ടാംപണുകൾ, മെൻസ്ട്രുവൽ കപ്പുകൾ, ആർത്തവ അടിവസ്ത്രങ്ങൾ ഇവയേതുമായിക്കൊള്ളട്ടെ. ഇതേപ്പറ്റി മനസിലാക്കിയും സുഹൃത്തുക്കളോട് ചോദിച്ചും ശരിയായത് തിരഞ്ഞെടുക്കാം. ആരോഗ്യം, സ്വസ്ഥത, പരിസ്ഥിതിക്കുയോജിച്ചത് തുടങ്ങിയവയെപ്പറ്റി ചിന്തിച്ച് യോജിച്ചത് തിരഞ്ഞെടുക്കാം.

∙ സുസ്ഥിരവും സ്വസ്ഥവുമായവ ഉപയോഗിക്കാം
പാഡുകളും ടാംപണുകളും ഒഴിവാക്കി പകരം തുണികൊണ്ടുള്ള പാഡുകളും ആർത്തവ അടിവസ്ത്രവും തിരഞ്ഞെടുക്കാം. ഇവ സുസ്ഥിരമാണെന്നു മാത്രമല്ല വലിച്ചു നീട്ടാവുന്നതും മൃദുലവും സ്കിൻ റാഷ് വരുത്താത്തതും ആണ്. ഉയർന്ന ഗുണനിലവാരമുള്ള തുണി ഉപയോഗിച്ചു നിർമിക്കുന്ന ഇവ വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഇത് വേസ്റ്റ് കുറയ്ക്കുകയും പരിസ്ഥിതിക്ക് ഗുണം ചെയ്യുകയും ചെയ്യും.

∙ ആർത്തവ ഉൽപന്നങ്ങൾ പതിവായി മാറ്റാം
ചോർച്ച, ഗന്ധം, അണുബാധ ഇവയെല്ലാം തടയാൻ ആർത്തവ ഉൽപന്നങ്ങൾ ഇടയ്ക്കിടെ മാറ്റണം. ഓരോ നാലു മുതൽ ആറു മണിക്കൂർ ഇടവേളയിൽ പാഡ് മാറ്റണം. അതുപോലെ ടാംപണുകളും മെൻസ്ട്രുവൽ കപ്പുകളും ആറു മുതൽ എട്ടു മണിക്കൂർ വരെ കൂടുമ്പോൾ മാറ്റണം. അടിവസ്ത്രങ്ങളും തുണിപ്പാഡുകളും ഉപയോഗിക്കുമ്പോൾ, അവ വൃത്തിയാക്കുന്നതും മാറ്റുന്നതും സംബന്ധിച്ച് ഉൽപാദകർ നിർദേശിച്ച കാര്യങ്ങൾ പിന്തുടരണം. ഇതുവഴി ആർത്തവശുചിത്വം ഉറപ്പാക്കാം.

∙ വ്യക്തിശുചിത്വം പ്രധാനം
ആർത്തവ ദിനങ്ങളിൽ ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. ഇടയ്ക്കിടെ കൈകൾ കഴുകുക, കുളിക്കുക, അടിവസ്ത്രങ്ങളും വസ്ത്രവും ഇടയ്ക്ക് മാറ്റുക. കൃത്രിമഗന്ധം നൽകുന്ന ഉൽപന്നങ്ങൾ ഒഴിവാക്കുക. ഇത് യോനിയിലെ അണുബാധ തടയാൻ സഹായിക്കും.

∙ വെള്ളം കുടിക്കാം
ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്, പ്രത്യേകിച്ച് ആർത്തവ ദിനങ്ങളിൽ. ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നതിനാൽ നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. ആർത്തവവേദനയും ബ്ലോട്ടിങ്ങും ഒഴിവാക്കാൻ ഇളം ചൂട് വെള്ളം കുടിക്കുന്നതാണ് നല്ലത്. ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കാം. കാപ്പി, മദ്യം ഇവയുടെ അളവ് കുറയ്ക്കാം.

∙സോപ്പും മറ്റ് ഉൽപന്നങ്ങളും ഒഴിവാക്കാം
ആരോഗ്യകരമായ ഒരു പിഎച്ച് ബാലൻസ് നിലനിർത്തേണ്ടത് യോനിയുടെ ആരോഗ്യത്തിന് പ്രധാനമാണ്. സ്വകാര്യഭാഗങ്ങളിൽ സോപ്പോ മറ്റ് വജൈനൽ ഹൈജീൻ ഉൽപന്നങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഇത് സ്വാഭാവികമായ സന്തുലനത്തെ തകർക്കുകയും അസ്വസ്ഥത, ഇൻഫ്ലമേഷൻ, അണുബാധ ഇവയ്ക്ക് കാരണമാകുകയും ചെയ്യും. പകരം ശുദ്ധജലം ഉപയോഗിച്ച് വൃത്തിയാക്കാം. കോട്ടൺ അടിവസ്ത്രം ഉപയോഗിക്കാം. അസാധാരണമായി ഗന്ധമോ മറ്റോ ഉണ്ടെങ്കിൽ ചികിത്സ തേടേണ്ടതാണ്.

Comments are closed.