മഞ്ഞപ്പിത്ത വ്യാപനം; പുളിക്കല്‍ പഞ്ചായത്തില്‍ കനത്ത ജാഗ്രത

പുളിക്കല്‍: മഞ്ഞപ്പിത്തം പുളിക്കല്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയുമായി ആരോഗ്യ പ്രവർത്തകരും അധികൃതരും.രോഗം പൂര്‍ണമായും ഭേദമാകാത്തവരുമായുള്ള സമ്ബര്‍ക്കമാണ് രോഗ പകര്‍ച്ചക്ക് പ്രധാനമായും കാരണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ കണ്ടെത്തല്‍. ഏതെങ്കിലും വിരുന്നുസല്‍ക്കാരങ്ങളില്‍ ഒരുമിച്ചുപങ്കെടുത്തവര്‍, ഒരേ ജലാശയം ഉപയോഗിക്കുന്നവര്‍ തുടങ്ങിയ ഗണങ്ങളില്‍ പെടുന്നവരല്ല മിക്ക രോഗികളുമെന്നത് ഈ നിഗമനത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

 

ഇതരസംസ്ഥാന തൊഴിലാളികള്‍ വളരെ കുറവായ അരൂര്‍ മേഖലയില്‍ തദ്ദേശീയരില്‍ തന്നെയാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ പുളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. രോഗം പൂര്‍ണമായി ഭേദമായെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തിയ ശേഷം മാത്രമെ പുറത്തിറങ്ങി മറ്റുള്ളവരുമായു സമ്ബര്‍ക്കത്തിലേര്‍പ്പെടാവൂ എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 

അരൂരിലും പുളിക്കല്‍ പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലും മഞ്ഞപ്പിത്തം വ്യാപകമാവുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ജനങ്ങളെ ബോധവത്കരിക്കുന്നതിനും ശുചിത്വം ഉറപ്പുവരുത്തുന്നതിനും രോഗബാധിതരുമായി മറ്റുള്ളവരുടെ സമ്ബര്‍ക്കം തടയുന്നതിനുമായി ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെട്ട സംഘം വ്യാഴാഴ്ച മുതല്‍ ഗൃഹ സന്ദര്‍ശനമുള്‍പ്പെടെയുള്ള പരിപാടികള്‍ ആരംഭിക്കും.

 

അരൂര്‍ എ.എം.യു.പി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയത്. രോഗ ബാധിത പ്രദേശങ്ങളെ 20 ചെറു മേഖലകളാക്കി തിരിച്ചായിരിക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക. കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യല്‍, ബോധവത്കരണ ലഘുലേഖ വിതരണം, വ്യാപാര കേന്ദ്രങ്ങളിലേയും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലേയും പരിശോധന, വീട്ടു പരിസരങ്ങളില്‍ ശുചിത്വം ഉറപ്പാക്കല്‍, കുടിക്കാനുപയോഗിക്കുന്ന വെള്ളത്തിന്റെ പരിശോധന എന്നിവയും സ്‌ക്വാഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടക്കും.

 

ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ ബേബി രജനി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കൃഷ്ണന്‍ പാറപ്പുറത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ശങ്കരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ. നിധീഷ്, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രേംപൂജ, സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പ്രമോദ് ദാസ്, പി.ടി.എ പ്രസിഡന്റ് സതീഷ്, നൗഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

മഞ്ഞപ്പിത്തം; ശ്രദ്ധിക്കേണ്ടത്

 

രോഗികളുമായുള്ള സമ്ബര്‍ക്കം ഒഴിവാക്കുക

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

തിളച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് കുടിക്കരുത്

മലമൂത്ര വിസര്‍ജനത്തിനു ശേഷവും ആഹരത്തിന് മുമ്ബും കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകുക

ആഴ്ചയില്‍ രണ്ട് തവണ കിണര്‍ ക്ലോറിനേറ്റ് ചെയ്യുക

ഈച്ചകള്‍ ഇരുന്നതും തുറന്നുവെച്ചതുമായ ഭക്ഷണം കഴിക്കരുത്

ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും കഴിക്കുന്നതും വൃത്തിയുള്ള സാഹചര്യത്തില്‍ മാത്രം

Comments are closed.