ഡി കെ ശിവകുമാര്‍ യദിയൂരപ്പയെ സന്ദര്‍ശിച്ചു, കര്‍ണ്ണാടകയില്‍ ഊഹാപോഹങ്ങള്‍ ശക്തം

കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ യദിയൂരപ്പയെ സന്ദര്‍ശിച്ചതിനെക്കുറിച്ച് രാഷ്ട്രീയ ഊഹാപോഹങ്ങള്‍ ശക്തമാകുന്നു. തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതില്‍ കടുത്ത അസംതൃപ്തിയാണ് ഡി കെ ശിവകുമാറിനുള്ളത്. ഉപമുഖ്യമന്ത്രിയാക്കിയപ്പോള്‍ ആഭ്യന്തര വകുപ്പ് ലഭിക്കുമെന്നം അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മന്ത്രി സഭാ പുനസംഘടനയില്‍ വകുപ്പുകള്‍ തിരുമാനിക്കാനുളള അവകാശം പൂര്‍ണ്ണമായും മുഖ്യമന്ത്രിക്ക് വിട്ടു കൊടുത്തതോടെ വലിയ അമര്‍ഷത്തിലാണ് ഡി കെ ശിവകുമാര്‍.

ഈ സംഭവങ്ങള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധിയുമായി പ്രകടമായ അകല്‍ച്ചയിലാണ് ഡി കെ ശിവകുമാര്‍. ഇത് മനസിലാക്കിക്കൊണ്ട് ഡി കെ ശിവകുമാറിനെ വരുതിയില്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ബി ജെ പി അതീവ തന്ത്രപരമായും രഹസ്യമായും നടത്തുന്നുണ്ട്. 2017 ല്‍ ആദായനികുതിവകുപ്പും ഇ ഡിയും ഡികെയുടെ വസതികളിലും സ്ഥാപനങ്ങളിലും മൂന്നു ദിവസം തുടര്‍ച്ചയായി റെയ്ഡ് നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട ഒരു കേസിലാണ് അദ്ദേഹത്തിന് രണ്ട് മാസമാണ് തീഹാര്‍ ജയിലില്‍കിടക്കേണ്ടി വന്നത്. ഡി കെ ശിവകുമാറുമായി വൈരാഗ്യമുള്ള കര്‍ണ്ണാടകയിലെ സീനിയര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ പ്രവീണ്‍ സൂദിനെ കേന്ദ്രം സിബിഐ ഡയക്ടറാക്കിയത് ഇദ്ദേഹത്തെ വരുതിയില്‍ കൊണ്ടുവരാനുള്ള നീക്കമാണെന്ന് വ്യാഖ്യാനിക്കുന്നുണ്ട്.

യദിയൂരപ്പയും ഡി കെ ശിവകുമാറുമായി അടുത്ത വ്യക്തിബന്ധമാണുള്ളത്്. ശിവകുമാറിന്റെ കുടുംബ സുഹൃത്താണ് യദിയൂരപ്പയുടെ ഏറ്റവും വിശ്വസ്തയായ കേന്ദ്രമന്ത്രി ശോഭാ കരന്തലജ. അതുകൊണ്ട് തന്നെ ഡി കെ യുടെ രാഷ്ട്രീയ നീക്കങ്ങള്‍ കോണ്‍ഗ്രസും ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

Comments are closed.