നിങ്ങളുടെ ഫോണ്‍ തനിയേ ലോക്ക് തുറന്ന നിലയില്‍ കാണപ്പെടാറുണ്ടോ? ഉണ്ടെങ്കിൽ അത് ഹാക്ക് ചെയ്യപ്പെട്ടിരിക്കാം
മൊബൈൽ ഫോൺ ഇല്ലാതെയൊരു ജീവിതം ആലോചിക്കാൻ പോലും പറ്റാത്തവരാണ് നമ്മൾ. ദിവസവും ഫോൺ ഉപയോഗിക്കുന്നതിനും ആവശ്യമില്ലാതെ എടുത്തു നോക്കുന്നതിനും വെറുതെ സ്ക്രോൾ ചെയ്യുന്നതിനും ഒരു കണക്കുമില്ല. എന്നാൽ എപ്പോഴെങ്കിലും നിങ്ങളുടെ ഫോൺ തനിയെ അൺലോക്ക് ചെയ്ത നിലയിൽ കാണപ്പെടാറുണ്ടോ? ഉണ്ടെങ്കിൽ ഇനി ശ്രദ്ധിക്കണം!കാരണം അത് ഒരുപക്ഷെ ഹാക്കർമാർ നിങ്ങളുടെ ഫോണിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നതായിരിക്കാം. ഗോസ്റ്റ് ടച്ച് എന്നാണ് ഈ ഹാക്കിങ് രീതി അറിയപ്പെടുന്നത്.
പ്രമുഖ വിപിഎൻ സേവന ദാതാക്കളിൽ ഒന്നായ നോർഡ് വിപിഎന്നാണ് ഫോൺ ഉപയോഗിക്കുന്നവർ ഈയൊരു കാര്യം കൂടി ഇനി മുതൽ ശ്രദ്ധിക്കണം എന്ന് നിർദേശിച്ചിരിക്കുന്നത്. വൈദ്യുത കാന്തിക തരംഗങ്ങളുടെ സഹായത്തോടെയാണ് ഹാക്കർമാർ ഫോണിന്റെ ടച്ച് സ്ക്രീൻ അദൃശ്യമായി തുറക്കുന്നത്. ഇങ്ങനെ തുറക്കുന്നതിന് ഒരു മാൽവെയറുകളുടെ സഹായം പോലും ആവശ്യമില്ല എന്നാണ് എടുത്തു പറയേണ്ട ഒരു കാര്യം.
ഹാക്കർമാർക്ക് ആവശ്യമുള്ള കാര്യങ്ങൾ നോക്കാൻ വൈദ്യുത കാന്തിക തരംഗങ്ങൾ ഉപയോഗിക്കുന്നു എന്നാണ് ഒരു ഗവേഷകൻ പറയുന്നത്. ഈ സിഗ്നലുകൾക്ക് ഉപകരണം അൺലോക്ക് ചെയ്യുന്നതിനായി സ്ക്രീനിൽ ടാപ്പ് ചെയ്യുന്നതോ സമാനമായ മറ്റ് കൈ ചലനങ്ങളോ പോലുള്ള ആംഗ്യങ്ങളെ അനുകരിക്കാനാകും.
പൊതു സ്ഥലങ്ങളാണ് ഹാക്കർമാർ ഇതിനായി തിരഞ്ഞെടുക്കുന്നത്. റെയിൽവേ സ്റ്റേഷൻ, കഫേ, വിമാനത്താവളം, ലൈബ്രറി തുടങ്ങിയ സ്ഥലങ്ങളാണ് ഈ രീതി ഉപയോഗിച്ച് ഇരകളെ കണ്ടെത്താൻ ഹാക്കർമാർ തിരഞ്ഞെടുക്കുന്നത്. പോക്കറ്റിലോ ബാഗിലോ സ്ക്രീൻ കാണാത്ത വിധത്തിലോ മേശയുടെ മുകളിൽ ഫോൺ കമിഴ്ത്തി വച്ചാൽ പോലും ഹാക്കർമാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല.
ഹാക്കിങ്ങിനു വേണ്ട ഉപകരണങ്ങൾ ആളുകൾ ഇരിക്കും എന്ന് ഉറപ്പുള്ള സ്ഥലങ്ങളുടെ സമീപത്തായി നേരത്തെ തന്നെ ഹാക്കർമാർ സ്ഥാപിച്ചിട്ടുണ്ടാകും. ഈ ഉപകരണങ്ങളുടെ നാല് സെന്റിമീറ്റർ അടുത്തായി ഏതെങ്കിലും ഒരു സ്മാർട്ട് ഫോൺ എത്തിയാൽ സ്‍മാർട്ട് ഫോണിന്റെ മോഡലും പാസ്‌കോഡ് അടക്കമുള്ള മറ്റ് വിശദാംശങ്ങളും ഹാക്കർമാർക്ക് ഉടൻ തന്നെ ചോർത്താൻ കഴിയും. ഹാക്കിങ്ങിന് ഇരയാകുന്നവർക്ക് ഹാക്ക് ചെയ്യപ്പെട്ടെന്ന് തിരിച്ചറിയാൻ പോലും കഴിയില്ല.
സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 5ജി, റെഡ്മി 8, നോക്കിയ 7.2, ഐഫോൺ എസ്ഇ (2020) എന്നീ ഒമ്പതു മോഡലുകളിൽ ഗോസ്റ്റ് ടച്ച് രീതി വഴി വിവരങ്ങൾ ചോർത്താൻ സാധിക്കും എന്ന് തെളിഞ്ഞിട്ടുണ്ട്. ഹാക്കിങ്ങിലൂടെ വിവരങ്ങൾ ചോർത്തി എടുക്കുന്നതു കൂടാതെ ഫോണുകളിലേക്കു വരുന്ന കോളുകൾക്ക് മറുപടി നൽകാനും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മറ്റ് സ്വകാര്യ വിവരങ്ങൾ അടക്കം ചോർത്തിയെടുക്കാനും ഹാക്കർമാർക്ക് സാധിക്കും എന്നാണ് റിപ്പോർട്ടുകൾ.
ഗോസ്റ്റ് ടച്ച് ഹാക്കിങ് രീതിയിൽ നിന്നും രക്ഷപെടാൻ വേണ്ടി സ്‍മാർട്ട് ഫോണിൽ ടു ഫാക്ടർ ഓതന്റിക്കേഷൻ സുരക്ഷ ഉറപ്പു വരുത്തണം എന്നാണ് നോർഡ് വിപിഎൻ നിർദേശിക്കുന്നത്. ടു ഫാക്ടർ ഓതന്റിക്കേഷനിലെ പാസ്‍വേർഡിനൊപ്പം വിവരലടയാള പരിശോധനയോ ഫേഷ്യൽ റെക്കഗ്നിഷനോ കൂടി ചേർത്താൽ ഒരു പരിധി വരെ ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങളെ ചെറുക്കാൻ സാധിക്കും. ഇതുകൂടാതെ ഫോണുകൾ അപ്ഡേറ്റഡ് ആണെന്ന് ഉറപ്പു വരുത്തുന്നതും ഇത്തരത്തിലുള്ള ആക്രമണങ്ങളെ ചെറുക്കാൻ സഹായിക്കും.
Comments are closed.