വിജയവാഡ: 371 കോടി രൂപയുടെ അഴിമതിക്കേസിൽ അറസ്റ്റിലായ ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം നേതാവുമായ എൻ. ചന്ദ്രബാബു നായിഡുവിനു ജാമ്യമില്ല. വിജയവാഡ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കോടതി നായിഡുവിനെ 14 ദിവസത്തേക്കു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നായിഡുവിനെ രാജമുന്ദ്രി സെൻട്രൽ ജയിലിലേക്ക് അയയ്ക്കാൻ എസിബി ജഡ്ജി ഹിമബിന്ദു ഉത്തരവിട്ടു. ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്നു തെലുങ്കുദേശം പാർട്ടി അറിയിച്ചു.
നന്ദ്യാലിൽ പൊതുപരിപാടിക്കു ശേഷം കാരവനിൽ ഉറങ്ങുന്നതിനിടെയാണു ശനിയാഴ്ച പുലർച്ചെ നായിഡുവിനെ ആന്ധ്ര പൊലീസിലെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. നൈപുണ്യ വികസന കോർപ്പറേഷന്‍റെ മികവിന്‍റെ കേന്ദ്രങ്ങളിലെ പരിശീലനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് നായിഡു അറസ്റ്റിലായത്. ഈ കേന്ദ്രങ്ങൾ വഴി നൽകിയ പണം സ്വീകരിച്ചവർ വ്യാജ കമ്പനികളിലേക്ക് ഇതു കൈമാറുകയായിരുന്നെന്നാണു കേസ്.
Comments are closed.