ബാങ്കിന്റെ പേരിൽ ഇത്തരമൊരു സന്ദേശം നിങ്ങൾക്കും ലഭിച്ചോ; എങ്കിൽ അവഗണിച്ചോളൂ…ജാഗ്രത ഇല്ലെങ്കിൽ അക്കൗണ്ട് കാലിയാകും

പൊതുജനങ്ങളിൽ നിന്ന് പണം തട്ടാൻ ഓരോ ദിവസവും വ്യത്യസ്ഥ മാർഗ്ഗങ്ങൾ പരീക്ഷിക്കുകയാണ് ഓൺലൈൻ തട്ടിപ്പ് സംഘം. സന്ദേശങ്ങളായും, ഫോൺ കോളുകളായും പലതരത്തിലുള്ള തട്ടിപ്പുകൾ ഉപഭോക്താക്കളെ തേടിയെത്താറുണ്ട്. ഇത്തവണ ബാങ്കുമായി ബന്ധപ്പെട്ട വ്യാജ പ്രചരണം നടത്തിയാണ് തട്ടിപ്പുകാർ രംഗത്തെത്തിയിരിക്കുന്നത്. ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകളുടെ കാലാവധി അവസാനിക്കാറായെന്നുളള മുന്നറിയിപ്പ് സന്ദേശമാണ് ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് എത്തുക. സന്ദേശത്തോടൊപ്പം അറ്റാച്ച് ചെയ്ത ഒരു ലിങ്ക് കൂടി ഉണ്ടായിരിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ, വ്യക്തിഗത വിവരങ്ങൾ നഷ്ടപ്പെടുന്നതിനോടൊപ്പം ബാങ്ക് അക്കൗണ്ടും കാലിയാകും.

ക്രെഡിറ്റ് റിവാർഡ് പോയിന്റുകളുടെ പേരിൽ രാജ്യത്തുടനീളം ഈ തട്ടിപ്പ് പ്രചരിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് ബംഗളൂരുവിലെ ഒരു അഭിഭാഷകൻ സമാനമായ തരത്തിൽ തട്ടിപ്പിന് ഇരയായിരുന്നു. ക്രെഡിറ്റ് റിവാർഡ് പോയിന്റുകളുടെ കാലാവധി അവസാനിക്കാറായി എന്ന സന്ദേശത്തിനോടൊപ്പം ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ 4.9 ലക്ഷം രൂപയാണ് നഷ്ടമായത്. അജ്ഞാതമോ, സ്ഥിരീകരിക്കാത്തതോ ആയ ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങളിലെ ലിങ്കുകൾ ക്ലിക്ക് ചെയ്യുന്ന ശീലം പരമാവധി ഒഴിവാക്കേണ്ടതാണ്.

ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളുടെ വ്യക്തിപരമോ, സാമ്പത്തികപരമോ ആയ വിവരങ്ങൾ ഫോൺ കോൾ/ മെസേജ് മുഖാന്തരം ആവശ്യപ്പെടാറില്ല. അതിനാൽ, വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെട്ട് നിങ്ങളുടെ ഫോണിലേക്ക് എത്തുന്ന സന്ദേശങ്ങൾ പൂർണ്ണമായും അവഗണിക്കേണ്ടതാണ്. കൂടാതെ, വെബ്സൈറ്റുകൾ മുഖാന്തരം ഇടപാട് നടത്തുമ്പോൾ അവയുടെ യുആർഎൽ പരിശോധിച്ച് കൃത്യമാണോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

Comments are closed.