അടിവസ്ത്രവും മലദ്വാരവും പഴയ ഫാഷന്‍, കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് പുതുപുത്തന്‍ മാര്‍ഗങ്ങള്‍; ഇന്നലെയും പിടികൂടി മൂന്ന് കിലോ

കരിപ്പുർ : കരിപ്പുർ വിമാനത്താവളത്തില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം പിടികൂടി അധികൃതര്‍. 1.89 കോടി രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

ദുബായില്‍ നിന്നുള്ള യാത്രക്കാരന്റെ ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 1.47 കിലോഗ്രാം സ്വര്‍ണവും ടോയ്‌ലറ്റിലെ ഫ്‌ളഷ് ടാങ്കില്‍ നിന്ന് 1.53 കിലോഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

 

അടുത്തിടെയായി കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വ്യാപകമാകുകയാണ്. മലദ്വാരത്തിലും അടിവസ്ത്രത്തിനുള്ളിലും വസ്ത്രത്തില്‍ പേസ്റ്റ് രൂപത്തിലാക്കിയും ഗൃഹോപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ചും സ്വര്‍ണക്കടത്ത് വ്യാപകമാണ്. എന്നാല്‍ ഭൂരിഭാഗം കടത്തുകാരെയും പിടികൂടാന്‍ കസ്റ്റംസിന് കഴിഞ്ഞിരുന്നു.

 

ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കരിപ്പൂരില്‍ കഴിഞ്ഞയാഴ്ച 446 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചിരുന്നു. ഈ കേസില്‍ ഒരാളെ പൊലീസ് പിടികൂടിയിരുന്നു. ദുബായില്‍ നിന്നും കരിപ്പൂരിലെത്തിയ കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് അനസ് (23) ആണ് അറസ്റ്റിലായത്.

 

അനസ് ധരിച്ചിരുന്ന ചെരിപ്പിനുള്ളിലെ സോളിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 446 ഗ്രാം സ്വര്‍ണം കസ്റ്റഡിയിലെടുത്തെന്നും ഇതിന് 25 ലക്ഷത്തിലധികം രൂപ വിലമതിക്കുമെന്നും പോലീസ് പറഞ്ഞിരുന്നു.

 

രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയവ വഴി കടത്തിയ സ്വര്‍ണ്ണക്കടത്തിലാണ് കേരളം നമ്ബര്‍ വണ്‍ ആയിരിക്കുന്നത്. നികുതി വെട്ടിച്ച്‌ കടത്തുന്ന സ്വര്‍ണത്തെയാണ് സ്വര്‍ണ്ണക്കടത്ത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക.

 

ഇത്തരത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ മാത്രം സംസ്ഥാനത്ത് 3173 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം രേഖാമൂലം സ്ഥിരീകരിച്ചിരിക്കുന്നത്. 3173 കേസുകള്‍ റവന്യൂ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുള്ളതാണ്.

 

ഈ കാലയളവില്‍ സംസ്ഥാനത്ത് നിന്ന് പിടികൂടിയത് 2291.51 കിലോഗ്രാം സ്വര്‍ണ്ണമാണ്. ഇതിന്റെ വില ആയിരം കോടിക്കും മുകളിലാണ്. സംസ്ഥാന്തതെ പ്രതിദിന സ്വര്‍ണ്ണക്കടത്ത് കേസുകളുടെ ശരാശരി പരിശോധിച്ചാല്‍ 2.17 ആണ്.

 

സ്വര്‍ണ്ണക്കടത്തില്‍ കേരളത്തിന് പിന്നില്‍ 2979 കേസുമായി തമിഴ്‌നാട് രണ്ടാം സ്ഥാനത്തും 2528 കേസുമായി മഹാരാഷ്ട്ര മൂന്നാമതുമാണുള്ളതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുള്ളതാണ് കേരളത്തില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Comments are closed.