കിഴിശ്ശേരിയിലെ ആള്‍ക്കൂട്ട കൊലപാതകത്തിന് ഒരാണ്ട്; വിചാരണ നീളുന്നു

കൊണ്ടോട്ടി: കിഴിശ്ശേരിയിലെ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇന്ന് ഒരാണ്ട്. ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയാണ് (36) 2023 മേയ് 13ന് അര്‍ധരാത്രിയോടെ കിഴിശ്ശേരി ഒന്നാം മൈലില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ് മരിച്ചത്.കേസില്‍ ഇതുവരെ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക്‌സ് തെളിവുകളുടെ പരിശോധന ഫലം വൈകുന്നതാണ് വിചാരണ വൈകാൻ കാരണം. ഒമ്ബത് പ്രതികളുള്ള കേസില്‍ ഒരാള്‍ ഒഴികെ എട്ടുപേര്‍ ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുകയാണ്. ഒന്നാം മൈലിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുപരിസരത്ത് അര്‍ധരാത്രി സംശയകരമായ സാഹചര്യത്തില്‍ കണ്ട രാജേഷ് മാഞ്ചിയെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് പിടികൂടുകയായിരുന്നു.

 

തുടർന്ന് മോഷ്ടാവെന്നാരോപിച്ച്‌ വടികള്‍, പട്ടിക കഷ്ണങ്ങള്‍, പ്ലാസ്റ്റിക് പൈപ്പ് എന്നിവയുപയോഗിച്ച്‌ രണ്ട് മണിക്കൂറോളം മർദിക്കുകയും മൃതപ്രായനായ യുവാവിനെ പിന്നീട് കിഴിശ്ശേരി – തവനൂര്‍ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നുമെന്നാണ് പൊലീസ് ഭാഷ്യം. യുവാവിനെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

കേസില്‍ പ്രതികളായ നാട്ടുകാരും സമീപ സ്വദേശികളുമായ വരുവള്ളി പിലാക്കല്‍ മുഹമ്മദ് അഫ്സല്‍, വരുവള്ളി പിലാക്കല്‍ ഫാസില്‍, വരുവള്ളി പിലാക്കല്‍ ഷറഫുദ്ദീന്‍, തേര്‍ത്തൊടി മെഹബൂബ്, തേവര്‍ത്തൊടി അബ്ദുസമദ്, പേങ്ങാട്ടില്‍ വീട്ടില്‍ നാസര്‍, ചെവിട്ടാണിപ്പറമ്ബ് ഹബീബ്, പാലത്തിങ്ങല്‍ അയൂബ്, പാട്ടുകാരന്‍ സൈനുല്‍ ആബിദ് എന്നിവരെ മണിക്കൂറുകള്‍ക്കകം പിടികൂടിയ അന്വേഷണ സംഘം ദിവസങ്ങള്‍ക്കുള്ളില്‍ മഞ്ചേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി മൂന്നില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കൊലക്കുറ്റം, അന്യായമായി സംഘം ചേരല്‍, മാരകായുധങ്ങള്‍കൊണ്ട് മുറിവേല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

 

കൊല്ലപ്പെട്ട രാജേഷിന്റെ വസ്ത്രങ്ങള്‍ ഒളിപ്പിക്കാനും സി.സി.ടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാനും ശ്രമിച്ചതിന് പിടിയിലായ സൈനുല്‍ ആബിദിന് മാത്രമാണ് കേസില്‍ ജാമ്യം ലഭിച്ചിട്ടുള്ളത്. മറ്റു പ്രതികള്‍ ഹൈക്കോടതിയെവരെ സമീപിച്ചിട്ടും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. തൃശൂരും തിരുവനന്തപുരത്തുള്ള ലബോറട്ടറികളില്‍ നിന്നാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക്‌സ് തെളിവുകളുടെ പരിശോധന ഫലം ലഭിക്കാനുള്ളത്. ഇത് ലഭിക്കുന്ന മുറക്ക് കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കും.

Comments are closed.